nithin-alosius-xavier

പൊതു പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയതില്‍ വിമര്‍ശനം ഉയരുന്നതിനിടെ അലോഷ്യസ് സേവ്യറിന് പിന്തുണയും ഏറുന്നു. ഇപ്പോളിതാ അലോഷ്യസിനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് കെ‌എസ്‌യു സംഘടനാ ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍. തെരുവിൽ പോരാടിയവനാണ്, തങ്ങളെ നയിച്ചവനാണ്, അനീതിക്ക് എതിരെ ശബ്ദം ഉയർത്തി നിരവധി തവണ ജയിലിൽ കിടന്നവനാണ് അലോഷ്യസ് എന്ന് നിതിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തലപൊട്ടി ചോരയൊലിക്കുന്ന അലോഷ്യന്‍റെ ചിത്രം പങ്കുവച്ച് പ്രിയപ്പെട്ട പ്രസിഡന്റ് എന്ന് കുറിച്ചാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

നിതിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്: @ഞങ്ങളെ നയിച്ചവനാണ്… തെരുവിൽ പോരാടിയവനാണ്… 10 വർഷക്കാലം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കൊടിയ ദുഷ്ഭരണത്തിനെതിരെ സമരം ചെയ്ത് കേരളത്തിലെ അങ്ങോളം ഇങ്ങോളം എണ്ണമറ്റ കേസുകളിൽ പ്രതിചേർക്കപ്പെട്ടവനാണ്... അനീതിക്ക് എതിരെ ശബ്ദം ഉയർത്തി നിരവധി തവണ ജയിലിൽ കിടന്നവനാണ്... ക്രൂരമായ പൊലീസ് മർദ്ദനമേറ്റതിന്റെ അവശേഷിപ്പുകൾ പേറി ജീവിക്കുന്നവനാണ്... ചരിത്ര വിജയങ്ങൾ കെഎസ്‌യുവിന് സമ്മാനിച്ചവനാണ്... പ്രിയപ്പെട്ട പ്രസിഡന്റ്...’

നേരത്തേ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപും സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെ വിമര്‍ശിച്ച് പോസ്റ്റുമായി എത്തിയിരുന്നു. കെഎസ്‌യു  നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് കാണിക്കാതിരുന്ന ഒരേയൊരു നേതാവാണ് ഇന്ന് കേരള മുഖ്യമന്ത്രിയെന്ന് സച്ചിൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിന് ഇല്ലെന്നും സച്ചിന്‍ പറഞ്ഞു.

ഇന്നലെ തേവര എസ്എച്ച് കോളജിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും ഒന്നിച്ചുണ്ടായെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തോടു പരിചയഭാവം പോലും നടിക്കാതെ നടന്നു നീങ്ങിയത്. ചടങ്ങിനു ശേഷം കോളജില്‍ തന്റെ സഹപാഠികളായിരുന്നവരോടു സംസാരിച്ചു സതീശന്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ സമീപത്തുണ്ടായിരുന്ന അലോഷ്യസ് സേവ്യര്‍ ചിരിക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അതു ശ്രദ്ധിക്കാതെ സതീശന്‍ പുറത്തേക്കു പോകുകയായിരുന്നു. ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിയോജിപ്പ് പരസ്യമാക്കിയതിനെ തുടര്‍ന്നാണ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതേസമയം കെ.എസ്.യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച വ്യാഴാഴ്ച തിരുവനന്തപുരത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി കൊല്ലത്തേക്ക് പോവുകയാണെന്ന് അലോഷ്യസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അലോഷ്യസിനെ അറിയിച്ചപ്പോള്‍, താന്‍ കന്യാകുമാരിയിലായിരിക്കുമെന്ന് അലോഷ്യസ് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കെഎസ്​യുവിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ജിന്‍റോ ജോണും അനൂപ് വി.ആറും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ കെഎസ്​യുവിന്‍റെയും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൂടി സര്‍ക്കാരാണെന്നും അവരെ കൂടി പരിഗണിക്കണമെന്നുമായിരുന്നു വിമര്‍ശനം.

ENGLISH SUMMARY:

Support is mounting for KSU State President Aloysius Xavier following a viral incident where Kerala Chief Minister V.D. Satheesan ignored him at a public event, with KSU Organizing General Secretary Nitin Manakkattumannil being the latest to post a statement of solidarity. Nitin shared a photo of a bleeding, injured Aloysius on Facebook, hailing him as a fierce street fighter who endured police brutality and multiple imprisonments while resisting a decade of Pinarayi Vijayan's misrule. This follows a sharp rebuke from KSU General Secretary Sachin T. Pradeep, who called out the Chief Minister for never visiting jailed student leaders, alongside widespread internet criticism from Congress loyalists like Jinto John and Anoop V.R. While rumors suggest the snub stemmed from Aloysius's open dissent over Government Pleader appointments, the Chief Minister's Office maintained that the missed interaction was purely a result of conflicting tour schedules.