വിഴിഞ്ഞത്തെ അദാനി പോര്‍ട്ടിന്‍റെ ഓഹരി എംഎസ് സിക്ക്  കൈമാറുന്ന ചര്‍ച്ചകള്‍ എല്‍ഡിഎഫ് അറിഞ്ഞെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. എംഎസ് സി ഓഹരിയെടുക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടമായി ജൂണ്‍ അഞ്ചിന് ദേശാഭിമാനി പ്രസിദ്ധീകരിച്ചത് ആയുധമാക്കിയാണ് എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്. കേരളത്തിന്‍റെ താല്‍പര്യം ബലികഴിക്കില്ലെന്നും സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുറമുഖ വകുപ്പ് താന്‍ കൈവശം വയ്ക്കുന്നതിനെ അദാനി ഡീല്‍ എന്ന് സിപിഎം ആക്ഷേപിക്കുമ്പോള്‍  ഐ.ടി വകുപ്പ് പിണറായി എന്തിന് കയ്യില്‍ വച്ചുവെന്നായിരുന്നു സതീശന്‍റെ മറുചോദ്യം.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ  ഓഹരി കൈമാറ്റത്തിന് വഴിയൊരുക്കിയത് സതീശന്‍ –അദാനി ഡീല്‍ എന്ന് സിപിഎം ആക്ഷേപിക്കുന്നതിടെയാണ് എല്‍ഡിഎഫിനെ കടന്നാക്രമിച്ച് വിഡി സതീശന്‍ രംഗത്തെത്തിയത്. വിഴിഞ്ഞത്ത് ഈ സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി ചോദ്യമുയര്‍ത്തുന്നു. ഓഹരികൈമാറ്റം അദാനി ഗ്രൂപ്പ് ജൂണ്‍ 30ന് പരസ്യമാക്കുന്നതിന് മുന്‍പ്  ജൂണ്‍ 5ന് ദേശാഭിമാനി ഓഹരികൈമാറ്റം നേട്ടമായി ചിത്രീകരിച്ചതാണ് മുഖ്യമന്ത്രി ആയുധമാക്കിയത്. ഓഹരി കൈമാറ്റ ചരച്ചകള്‍ എല്‍ഡിഎഫിന് അറിയാമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്​സിയും പങ്കെടുത്തിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമെന്നും ദേശാഭിമാനി എഴുതിയിരുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

അദാനി പോര്‍ട്ട് ഓഹരി കൈമാറ്റത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി  റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ  വിവിധ മന്ത്രാലയങ്ങളുടെ അനുമതി കൂടി ലഭിച്ചാലെ സംസ്ഥാന തുടര്‍നടപടിയിലേക്ക് കടക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

Chief Minister V.D. Satheesan has launched a fierce political counterattack against the LDF, asserting that the opposition was fully aware of the discussions regarding the transfer of shares from Adani Ports to the MSC Group. The Chief Minister cited a report published in the LDF mouthpiece, Deshabhimani, on June 5—prior to the official announcement—which hailed the share transfer as a victory for the previous LDF government. Satheesan questioned the LDF’s criticism of his administration, noting that MSC representatives had actively participated in the LDF-era Vizhinjam Conclave. He emphasized that the state government’s interests remain protected, confirming that the transfer of shares cannot proceed without formal government authorization. A report from the Empowered Committee, chaired by the Chief Secretary, is currently under review by the Cabinet to determine the legal viability of the move. Furthermore, the government intends to secure all necessary clearances from various Central ministries before authorizing any further steps in the equity transfer process.