മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി തോസ് ഐസക്. ചാർട്ടേർഡ് ഫ്ലൈറ്റിൽ മംഗലാപുരത്ത് അദാനി കമ്പനി അധികൃതരുമായി നടത്തിയ രഹസ്യ ചർച്ചയിൽ ഓഹരി കൈമാറ്റ പ്രശ്നം ചർച്ച ചെയ്തിരുന്നുവോ എന്നും ഇതിനു മറുപടി പറയാൻ എന്താണ് ഇത്ര വിമ്മിട്ടമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ‌ കുറിച്ചു. 

'ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം ദേശാഭിമാനിയാണ് എംഎസ്സി കമ്പനിയുടെ നിക്ഷേപ വാർത്ത ആദ്യമായി പുറത്തുവിട്ടതെന്ന കള്ളം പറയാനാണ് അദ്ദേഹം മുതിർന്നത്. ജൂൺ 1-ന് ഇക്കണോമിക് ടൈംസിലും, ജൂൺ 3-ന് മാതൃഭൂമിയിലും വാർത്ത വന്നിരുന്നു. എന്റെ അന്വേഷണത്തിൽ അതിനെ അടിസ്ഥാനമാക്കിയാണ് ദേശാഭിമാനി ജൂൺ 5-ന് വാർത്ത നൽകിയത്. 

മറ്റൊരു കാര്യത്തിനുകൂടി വി.ഡി. സതീശൻ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ട്. 2598 കോടി രൂപ മുതൽമുടക്കുന്ന അദാനിയുടെ കമ്പനിയുടെ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏതാണ്ട് 25000 കോടി രൂപയാണ്. 30 വർഷത്തേക്ക് തുറമുഖ നടത്തിപ്പിന്റെ ലാഭം മാത്രമല്ല, ഇതുപോലെ ഉണ്ടാകുന്ന ഷെയർ മൂല്യവർദ്ധനയുടെ നേട്ടത്തിൽ ഒരുപങ്കും കേരളത്തിന് ഇല്ല. എന്നാൽ കേരളം 70 ശതമാനം ചെലവ് വഹിക്കുകയും വേണം. 

കേരളത്തിന്റെ താല്പര്യങ്ങളെ പൂർണ്ണമായും ബലികഴിച്ചുകൊണ്ടുള്ള ഒരു കരാർ അല്ലേ ഉമ്മൻ ചാണ്ടി തയ്യാറാക്കിയത്. ഇതിൽ എന്തെങ്കിലും നേട്ടം കേരളത്തിന്  ഉണ്ടാകുന്ന തരത്തിൽ  അധിക നിബന്ധനകൾ കൊണ്ടുവരുന്നതിന് ഓഹരി വിൽപ്പനയ്ക്ക് അംഗീകാരം നൽകുന്നതിനു മുമ്പ് കേരള സർക്കാർ മുൻകൈ എടുക്കുമോ? അതോ, അദാനിയുടെ താളത്തിനു തുള്ളുമോ? 

ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് എംഎസ്സി കമ്പനിയിൽ നിന്നുള്ള നിക്ഷേപം അദാനിയുടെ മറ്റു മേഖലകളുടെ പ്രൊജക്ടുകൾക്കായിട്ടാണ് വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാണ്. അവസാനമായി വീണ്ടും ചോദിക്കുന്നു തുറമുഖാധിഷ്ഠിത നഗരവികസിത കേരളം സൃഷ്ടിക്കുമ്പോൾ ഉമ്മൻ ചാണ്ടി ഉണ്ടാക്കിയതുപോലുള്ള കരാറുകളെയാണോ നിങ്ങൾ മാതൃകയായി കാണുന്നത്?'- അദ്ദേഹം കുറിച്ചു.  

 

ENGLISH SUMMARY:

Kerala Chief Minister VD Satheesan has not yet answered a persistent question raised by former minister Thomas Isaac regarding a secret meeting with Adani company officials. This meeting, reportedly held in Mangaluru via a chartered flight, is alleged to have discussed share transfer issues, with Isaac questioning the Chief Minister's reluctance to respond.