പഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് പ്രമേയം. മന്ത്രിമാർ തന്നിഷ്ട പ്രകാരം സ്വന്തം ആളുകളെ തിരുകിക്കയറ്റിയെന്നും ആക്ഷേപമുണ്ട്. ലീഗ് മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിൽ യുവാക്കൾക്ക് പരിഗണന ലഭിച്ചില്ലെന്ന യൂത്ത് ലീഗിന്റെ പരാതിക്ക് പരിഹാരമുണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഭരണം ലഭിച്ചപ്പോൾ എംഎസ്എഫ് അവഗണിക്കപ്പെട്ടു എന്നാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വികാരം. പഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ സുതാര്യമാക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ഉപസമിതിയേ നോക്കുകുത്തിയാക്കി. കഴിഞ്ഞ 10 വർഷം സമരം ചെയ്തും ജയിലിൽ കിടന്നും മർദനങ്ങൾ ഏറ്റുവാങ്ങിയവരെ മറന്നു. മന്ത്രിമാരുടെ സ്വയം ഭരണ പ്രവണതകൾക്കെതിരെ അമർഷം രേഖപെടുത്തുന്നതായും എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. മന്ത്രിമാരുടെ  പഴ്സണൽ സ്റ്റാഫ് നിയമനം  പൂർത്തിയായിട്ടില്ലെന്നും എംഎസ്എഫിനും യൂത്ത് ലീഗിനും കൂടുതൽ പരിഗണന നൽകുമെന്നും  ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു.

എംഎസ്എഫിന്റെ ദേശീയ അധ്യക്ഷൻ പി.വി.സാജു അടക്കമുള്ള ചിലർക്ക് ഇതിനകം പേഴ്സണൽ സ്റ്റാഫിൽ നിയമനം ലഭിച്ചിട്ടുണ്ട്. യുവാക്കളുടെ പ്രതിഷേധം ശക്തമായതോടെ കൂടുതൽ പേരെ ഉൾപ്പെടുത്താനാണ് സാധ്യത.

ENGLISH SUMMARY:

MSF resolution criticizes Muslim League ministers over personal staff appointments. The resolution alleges that ministers arbitrarily appointed their own individuals, neglecting deserving youth, and this has sparked widespread discontent within the party, particularly among members who have actively campaigned and faced hardships.