സി.വി.പത്മരാജന്‍, സണ്ണി ജോസഫ്

മുഖ്യമന്ത്രിയാകാനും മന്ത്രിയാകാനും കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞവരുണ്ട്. തിരിച്ച് കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കാന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ ഒരാളേയുള്ളു. കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളിലാണ് കോണ്‍ഗ്രസ്. അധ്യക്ഷനാകാന്‍ മന്ത്രിപദവി ഒഴിഞ്ഞ് ആരെങ്കിലും വരുമോ. അങ്ങനെ വരാനാണെങ്കില്‍ ആര് വരും. 

മന്ത്രിമാരായ കെ.മുരളീധരനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷപദവി വഹിച്ചവരാണ്. ഇരുവര്‍ക്കും ആ കസേരയോട് ഇപ്പോഴത്തെ സാഹചര്യത്തില്‍ താല്‍പര്യമില്ല. നിലവില്‍‍ വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി.അനില്‍കുമാറും പി.സി.വിഷ്ണുനാഥും മന്ത്രിമാരാണ്. വര്‍ക്കിങ് പ്രസിഡന്റ് പദവി ഒഴിയാന്‍ ഇരുവരും സന്നദ്ധത പ്രകടിപിച്ചിട്ടുണ്ട്. മന്ത്രി ടി. സിദ്ദീഖ് മുന്‍പ് വര്‍ക്കിങ് പ്രസിഡന്റായിരുന്നു.

വി.ഡി.സതീശന്‍ മന്ത്രിസഭയുടെ ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തില്‍ എ.പി.അനില്‍കുമാര്‍ മന്ത്രിയാകില്ലെന്നും കെ.പി.സി.സി അധ്യക്ഷനാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മന്ത്രിയായതോടെ അനില്‍കുമാര്‍ കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുമോയെന്ന് ഇനി സംശയമാണ്. അധികാരമില്ലാത്ത കാലത്താണ് കോണ്‍ഗ്രസില്‍ നേതാക്കള്‍ക്ക് പി.സി.സി അധ്യക്ഷ പദവിയോട് പൊതുവേ താതപര്യമെന്നതാണ് വാസ്തവം. അതുകൊണ്ട് തല്‍ക്കാലം മന്ത്രിമാരില്‍ നിന്ന് ആരും പി.സി.സി പ്രസിഡന്റ് ആകില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികവും. 

മന്ത്രിയാകാന്‍ അധ്യക്ഷപദവി ഒഴിഞ്ഞവര്‍

കെ.പി.സി.സി അധ്യക്ഷ പദവി മന്ത്രിസഭയില്‍ പോയ ആദ്യ നേതാവ് ആര്‍. ശങ്കറാണ്. 1960ല്‍. പിസിസി അധ്യക്ഷനായിരിക്കെയാണ് ശങ്കര്‍ ഉപമുഖ്യമന്ത്രിയായത്. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായി. ശങ്കറിന്റെ പിന്‍ഗാമിയായി പാര്‍ട്ടി തലപ്പത്ത് വന്ന സി.കെ.ഗോവിന്ദന്‍ നായര്‍ ആകട്ടെ ശങ്കറിന്റെയും പി.ടി.ചാക്കോയുടെയും എതിര്‍ഗ്രൂപ്പിനെ നയിച്ചതും ചരിത്രമാണ്. 

നീണ്ട 17വര്‍ഷങ്ങള്‍ക്ക് ശേഷം 1977ല്‍ വീണ്ടും ഒരാള്‍ കെ.പി.സി.സി അധ്യക്ഷപദവി ഒഴിഞ്ഞത് മുഖ്യമന്ത്രിയാകാനായിരുന്നു. എ.കെ.ആന്റണി. 1972ല്‍ ആന്റണി കെ.പി.സി.സി അധ്യക്ഷനാകുമ്പോള്‍ 32 വയസായിരുന്നു പ്രായം. മുഖ്യമന്ത്രിയാകുമ്പോള്‍ പ്രായം 37. രണ്ടും ഇന്നും റെക്കോ‍‍ഡ് ആണ്. ആന്റണി ഒഴിഞ്ഞപ്പോള്‍ പകരം പ്രസിഡന്റായത് എസ്.വരദരാജന്‍ നായരാണ്. 1987 – 1992 കാലത്ത് ആന്റണി വീണ്ടും കെ.പി.സി.സി അധ്യക്ഷനായി. 1992ല്‍ നടന്ന സംഘടനാതിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് വയലാര്‍ രവിയോട് ആന്റണി പരാജയപ്പെട്ടതും ചരിത്രമാണ്. 

2004ല്‍ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയാകാന്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന കെ.മുരളീധരന്‍ രാജിവച്ചതാണ് മൂന്നാമത്തെ രാജി. അധ്യക്ഷ പദവി ഒഴിഞ്ഞ് മന്ത്രിയായ മുരളീധരന് എല്ലാം നഷ്ടമാകുന്നതാണ് അന്ന് കണ്ടത്. വടക്കാഞ്ചേരിയില്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുരളിക്ക് മന്ത്രിസ്ഥാനം നഷ്ടമായി. ഒടുവില്‍ പാര്‍ട്ടിക്കും പുറത്തുമായി. 

തുടര്‍ച്ചായി ഏറ്റവും കൂടൂതല്‍ കാലം കെ.പി.സി.സി അധ്യക്ഷപദവിയിലിരുന്ന റെക്കോ‍ഡ് രമേശ് ചെന്നിത്തലയ്ക്കാണ്. 2005–2014 കാലത്ത് നീണ്ട ഒന്‍പത് വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ച ചെന്നിത്തലയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയാകാന്‍ പാര്‍ട്ടി പദവി ഒഴിഞ്ഞു. 

തിരിഞ്ഞുനടന്നത് ഒരാള്‍ മാത്രം 

ഇതൊക്കെയാണെങ്കിലും മന്ത്രിപദം ഒഴിഞ്ഞ് കെപിസിസി അധ്യക്ഷനായത് ഒരാള്‍ മാത്രമാണ്. സി.വി.പത്മരാജന്‍. കെ.കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന സിവി, 1983ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞാണ് കെ.പി.സി.സി അധ്യക്ഷനായത്. 1987 വരെ പത്മരാജന്‍ അധ്യക്ഷനായിരിക്കെയാണ് വെള്ളയമ്പലത്തെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന്റെ കെട്ടിടം വാങ്ങുന്നത്. കേരളമെങ്ങും സഞ്ചരിച്ച് പാര്‍ട്ടിക്കാരില്‍ നിന്ന് പിരിവെടുത്തായിരുന്നു കെട്ടിടം സ്വന്തമാക്കിയത്. 

സി.വി.പത്മരാജന്റെ വഴിയേ നടക്കാന്‍ ഇന്ന് ആരെങ്കിലും ഉണ്ടോ?

ENGLISH SUMMARY:

The search for a new KPCC President is underway as Sunny Joseph has become a minister, highlighting a historical pattern in Kerala politics. While many have resigned the KPCC President post to become ministers or Chief Ministers, only one person has returned to the KPCC President position after leaving a ministerial role.