pinarayi-vijayan-nipah-criticism

സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന നിപ ബാധ കൈകാര്യം ചെയ്യുന്നതിൽ പുതിയ യു.ഡി.എഫ് സർക്കാർ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ സർക്കാരുകൾ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യവും സമയബന്ധിതവുമായി ഇടപെട്ടിരുന്നു. എന്നാൽ നിലവിലെ ആരോഗ്യമന്ത്രി ഇതുവരെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം പ്ലീഡർ നിയമന വിവാദത്തിലും രാഹുൽ ഗാന്ധിയുടെ ഇന്ത്യാ സഖ്യ യോഗത്തിലെ പരാമർശങ്ങൾക്കെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.  

ആരോഗ്യമേഖലയെ ആകെ സജ്ജമാക്കാൻ സർക്കാരിനോ ആരോഗ്യവകുപ്പിനോ സാധിക്കുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. "കേരളത്തിലെ അടുത്തകാലത്തുണ്ടായ ആരോഗ്യ മന്ത്രിമാരൊന്നും മെഡിക്കൽ ബിരുദധാരികളല്ല. പക്ഷേ മുൻപ് കടുത്ത നിപ ബാധയുണ്ടായ ഘട്ടങ്ങളിലെല്ലാം സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണ് സജ്ജമായിരുന്നതെന്ന് എല്ലാവർക്കുമറിയാം. ഇതേവരെ ആരോഗ്യമന്ത്രി സ്ഥലം സന്ദർശിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. മന്ത്രി നേരിട്ടെത്തുന്നത് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടവരെയും കൂടുതൽ ഉണർത്താൻ സഹായിക്കുമായിരുന്നു. ഇതിപ്പോ ശരിയായ രീതിയല്ല." പിണറായി പറഞ്ഞു.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരമൊരു നിർണ്ണായക ഘട്ടത്തിലെ സ്ഥലംമാറ്റം പൊതുവിൽ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുമോ എന്ന സംശയം സ്വാഭാവികമായും ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷകനായ കെ.ബി. പ്രദീപിനെ ദേവസ്വം പ്ലീഡറായി നിയമിച്ച നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി അപലപിച്ചു. "സ്വർണ്ണം കെട്ടതാരപ്പാ എന്നുള്ള വലിയ ചോദ്യമുയർത്തി ഇലക്ഷൻ ക്യാംപയിൻ നടത്തിയതിന് തൊട്ടുപിറകെയാണ് ഈ നിയമനം. ഇതിനകത്തെ പ്രധാന കുറ്റാരോപിതർക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റിനെത്തന്നെ ദേവസ്വത്തിന് വേണ്ടി നിയമിക്കുന്നത് കള്ളന് ചൂട്ടുപിടിക്കലാണ്. ദേവസ്വം മന്ത്രി താൻ ഇതറിഞ്ഞില്ലെന്നാണ് പറയുന്നത്. മന്ത്രി അറിയാതെ ഇതെങ്ങനെ നടക്കും? ദുരഭിമാനം വെടിഞ്ഞ് സർക്കാർ ഇത് അടിയന്തരമായി തിരുത്തണം. ദേവസ്വം മന്ത്രി കൈമലർത്തിയ സ്ഥിതിക്ക് മുഖ്യമന്ത്രി തന്നെ ഇടപെട്ട് ഇയാളെ മാറ്റണമെന്നും പിണറായി ആവശ്യപ്പെട്ടു.

 'പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ല, രാഷ്ട്രീയ വിയോജിപ്പുണ്ട്' എന്ന് ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന് പ്രതിപക്ഷ നേതാവ് മറുപടി നൽകി.  "കെട്ടിപ്പിടിക്കൽ സാധാരണ ഞങ്ങളുടെ ഇടയിൽ ഉണ്ടാകാറില്ല. പരസ്പരം കാണുമ്പോൾ വണങ്ങുകയോ കൈ കൊടുക്കുകയോ ആണ് ചെയ്യാറ്. പക്ഷേ രാഹുൽ ഗാന്ധി പാർലമെന്റിൽ പോയി മോദിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ നമ്മൾ കണ്ടതാണ്. അതിൽ എനിക്ക് ആക്ഷേപമില്ല. എന്നാൽ രാഹുൽ ഗാന്ധി ഇന്ത്യാ വേദിയെ കാണുന്ന രീതി ശരിയല്ല എന്നാണ് അദ്ദേഹത്തിന്റെ സംസാരം വ്യക്തമാക്കുന്നത്."

ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ തങ്ങൾ മാത്രമല്ല, അഖിലേഷ് യാദവും തേജസ്വി യാദവും ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് ഇതര നേതാക്കൾ കോൺഗ്രസിന്റെ സമീപനത്തിനെതിരെ ശബ്ദമുയർത്തിയതായി പിണറായി വിജയൻ വെളിപ്പെടുത്തി. ഡി.എം.കെ ഉൾപ്പെടെയുള്ള കക്ഷികളുടെ ഇപ്പോഴത്തെ നിലപാട് നമ്മൾ കാണുന്നുണ്ട്. സഖ്യത്തെ തകർക്കുന്ന രീതിയിലുള്ള കോൺഗ്രസ്സിന്റെയും രാഹുൽ ഗാന്ധിയുടെയും ഇത്തരം നിലപാടുകൾ പലപ്പോഴും ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ തുടക്ക കാലമായതുകൊണ്ട് തന്നെ കടുത്ത നടപടികളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ തിരുത്തൽ ശക്തിയായി പ്രതിപക്ഷം മുന്നിലുണ്ടാകുമെന്നും പറഞ്ഞാണ് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

ENGLISH SUMMARY:

Pinarayi Vijayan criticizes the UDF government's handling of the Nipah virus outbreak, highlighting serious lapses in their response and preparedness. He also addressed controversies surrounding Devaswom pleader appointments and Rahul Gandhi's remarks within the INDIA alliance.