പിണറായി വിജന്‍റെ മകളെ ചോദ്യം ചെയ്യാന്‍ ഇഡി സമന്‍സ് അയച്ചതോടെ വീണ്ടും വെട്ടിലായി സിപിഎം. പിണറായിക്കെതിരെയല്ല അന്വേഷണമെന്ന് മനസിലായിട്ടും രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനിറങ്ങിയ സിപിഎം ഇനിയും അതേ നിലപാട് തുടരുമോ എന്ന ആകാംക്ഷ തുടരുകയാണ്. നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെ എന്ന് മയപ്പെടുത്തിയാണ് പല സി.പി.എം നേതാക്കളും ഇന്ന് പ്രതികരിച്ചത്.
ഇഡിയുടെ ചോദ്യം ചെയ്യല്‍ വീണയുടെ കേസിലാണെന്ന് മനസിലായിട്ടും പിണറായി വിജയന് എതിരായ രാഷ്ട്രീയ നീക്കമെന്ന വ്യാഖ്യാനം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. കേസില്‍ വീണ മാത്രമാണ് ഇതുവരെ ചോദ്യമുനയില്‍ എന്ന് ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ് ഇഡിയുടെ സമന്‍സ്.
ഇപ്പോഴും വീണ, വീണയുടെ കേസ് നോക്കുമെന്നോ രാഷ്ട്രീയമില്ലെന്നോ പറയാന്‍ സിപിഎം തയ്യാറാവുന്നില്ല. വീണയുടെ വിഷയത്തിൽ എല്ലാ കൈമാറ്റവും നടന്നിട്ടുള്ളത് ബാങ്ക് വഴിയാണെന്ന് സിപിഎം എം.പി ജോണ്‍ ബ്രിട്ടാസ് വീണ്ടു ന്യായീകരിച്ചു.
യഥാർത്ഥ സേവനം കരിമണൽ കമ്പനിക്ക് ലഭിച്ചത് പിണറായി വിജയനിൽ നിന്നാണെന്ന് മാത്യൂ കുഴല്‍നാടന്‍ ആവര്‍ത്തിച്ചു. യഥാർത്ഥത്തിൽ റെയ്‌ഡ് നടക്കേണ്ടത് AKG സെന്‍ററില്‍ ആണെന്നും മാത്യൂ കുഴല്‍നാടന്‍. അന്വേഷണം പിണറായിക്കെതിരെ അല്ലെന്ന് ഇഡി വ്യക്തമാക്കുകയും അതേസമയം ചോദ്യം ചെയ്യലില്‍ വീണ കുടുങ്ങുകയും ചെയ്താല്‍ പിന്നെ എന്ത് രാഷ്ട്രീയ സമീപനം സ്വീകരിക്കുമെന്നത് സിപിഎമ്മിന് മുന്‍പില്‍ വലിയ ചോദ്യം ചിഹ്നമാണ്.