Image: Manorama

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരമല്ലെന്നും, മറിച്ച് ജാതി സമവാക്യങ്ങളും എസ്.ഐ.ആറും (SIR) പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങളുമാണ് തിരിച്ചടിയായതെന്നും സി.പി.എം വിലയിരുത്തൽ. സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പാർട്ടി സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ടിലാണ് പരാജയത്തെക്കുറിച്ചുള്ള ഈ കണ്ടെത്തലുകളുള്ളത്. താഴെത്തട്ടിൽ ബ്രാഞ്ച് തലം മുതൽ വൻതോതിൽ ചർച്ചകളും പരിശോധനകളും നടത്തിയ ശേഷമാണ് പാർട്ടി ഈ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

തോൽവി വിശകലനം ചെയ്യാൻ പാർട്ടി പ്രത്യേക പ്ലീനം വിളിച്ചുചേർക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുൻ സർക്കാരിന്റെയോ പാർട്ടി നേതൃത്വത്തിന്റെയോ തലയിൽ വെച്ചുകെട്ടാൻ സി.പി.എം തയ്യാറായിട്ടില്ല. 

പിണറായി വിജയൻ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ യാതൊരുവിധ ഭരണവിരുദ്ധ വികാരവും ഉണ്ടായിരുന്നില്ല. ജനങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങളിലോ വികസന കാര്യങ്ങളിലോ യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് താഴെത്തട്ടിലെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

യു.ഡി.എഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ബോധപൂർവ്വം നടത്തിയ കുപ്രചാരണങ്ങൾ വലിയ രീതിയിൽ വോട്ട് നഷ്ടപ്പെടുന്നതിന് കാരണമായി. പ്രതിപക്ഷത്തിന്റെ പ്രചാരണം മൂലം സംസ്ഥാനത്തെ ജാതി സമവാക്യങ്ങൾ എൽ.ഡി.എഫിന് എതിരായി മാറി. ഒപ്പം എസ്.ഐ.ആർ (SIR) വലിയ രീതിയിൽ വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു.

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളെക്കുറിച്ചോ അതുണ്ടാക്കിയ തിരിച്ചടിയെക്കുറിച്ചോ റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ല. പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി തെറ്റുതിരുത്തലിനായി ഒരു പ്രത്യേക പ്ലീനം വിളിച്ചുചേർക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ ഇത്തരമൊരു നിർദ്ദേശം നിലവിൽ അവതരിപ്പിച്ചിട്ടില്ല.

ഈ റിപ്പോർട്ട് ഇനി കേന്ദ്ര കമ്മിറ്റിക്ക് (CC) സമർപ്പിക്കും. കേന്ദ്ര കമ്മിറ്റി ഈ കണ്ടെത്തലുകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയോ, കേരളത്തിൽ തിരുത്തൽ പ്ലീനം നിർബന്ധമായും ചേരണമെന്ന് നിർദ്ദേശിക്കുകയോ ചെയ്താൽ മാത്രമേ ഇനി പ്ലീനം വിളിക്കാനുള്ള സാധ്യതയുള്ളൂ.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പാർട്ടി നിശ്ചയിച്ചിരുന്നു. പാർട്ടി സെക്രട്ടറി സ്ഥാനത്തും മാറ്റങ്ങളൊന്നും ഉണ്ടായില്ല. നേതൃത്വത്തിന്റെ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് പരസ്യമായി സമ്മതിക്കുന്നത് നിലവിലെ യു.ഡി.എഫ് സർക്കാരിന് രാഷ്ട്രീയ ആയുധമാകുമെന്ന വിലയിരുത്തൽ സി.പി.എം തലപ്പത്തുണ്ട്.

ENGLISH SUMMARY:

CPM election analysis suggests that caste equations, SIR, and opposition's fake propaganda, not anti-incumbency, caused their election defeat. The party's state committee report, based on grassroots discussions, concluded that no significant anti-incumbency existed against the Pinarayi Vijayan government.