മന്ത്രി സണ്ണി ജോസഫ് പഴ്സനൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതിൽ പുനഃപരിശോധന വേണ്ടെന്ന് കെപിസിസി നേതൃയോഗത്തിൽ ധാരണ. ബെന്നി തോമസ് യോഗ്യതയുള്ള ആളാണെന്ന് യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം. ബന്ധുനിയമനത്തെ ഒരു മുതിർന്ന നേതാവ് യോഗത്തിൽ വിമർശിച്ചു.
കരുതലോടെ വേണമായിരുന്നു തീരുമാനമെന്നും വിവാദങ്ങൾ ക്ഷണിച്ചു വരുത്തരുതായിരുന്നു എന്നും നേതാവ് വിമർശിച്ചു. അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ വിശാല കെപിസിസി നേതൃയോഗം ഇന്ദിരാഭവനിൽ തുടരുകയാണ്. മുഖ്യമന്ത്രി വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ പ്രധാന നേതാക്കളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. പുന:സംഘടനയാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ.
മന്ത്രിയായ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത സണ്ണി ജോസഫ് യോഗത്തെ അറിയിച്ചു. മന്ത്രിമാരായ വർക്കിങ് പ്രസിഡന്റുമാരും എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ അധ്യക്ഷന്മാരും മാറിയേക്കും.