പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ച വേണ്ടെന്നും സിപിഎമ്മിന് മുന്നില്‍ അഭിമാനം പണയം വെയ്ക്കേണ്ടതില്ലെന്നും സിപിഐ തീരുമാനം.  നിലപാടില്‍ പിന്നോട്ട് പോവില്ലെന്ന്  പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ബിനോയ് വിശ്വം പറഞ്ഞു. ആരുടെയും അഭിമാനം  ആത്മാഭിമാനം  ആരുടെയും മുന്നിലും പണം വെയ്ക്കാന്‍ പാടില്ലെന്നും  എല്‍ഡിഎഫ് ഐക്യത്തോടെ പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

 

പ്രതിപക്ഷ ഉപനേതാവിലെ കീഴ്വഴക്കം ലംഘിക്കാനാവില്ലെന്ന സിപിഎം നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് സിപിഐ.  സിപിഎം  അപമാനിക്കുന്നുവെന്ന വികാരമാണ് സിപിഐ സെക്രട്ടറിയേറ്റിലുണ്ടായത്.  സിപിഎമ്മിന് മുന്നില്‍ അഭിമാനം അടിയറവ് വയ്ക്കേണ്ടതില്ലെന്നും പ്രതിപക്ഷ ഉപനേതാവിന് വേണ്ടിയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കാനും സിപിഐ തീരുമാനിച്ചു . ഭരണമില്ലാത്തതിനാല്‍ ഭരണം നിലനിര്‍ത്താന്‍ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യേണ്ട ഗതികേട് തല്‍ക്കാലമില്ലെന്ന് സിപിഐ യോഗത്തില്‍ ചര്‍ച്ചയുണ്ടായി

 

കീഴ്‌വഴക്കം അനുസരിച്ച് പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎമ്മിനാണെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും സിപിഐയെ സിപിഎം കടന്നാക്രമിക്കുന്നില്ല. ആരുടെയും അഭിമാനം എവിടെയും പണയം വെയ്ക്കേണ്ടതില്ലെന്നും എല്ലാ പരഹരിക്കുമെന്നും എം.വി.ഗോവിന്ദന്‍.

 

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന സിപിഐയുടെ ആവശ്യം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇടതുമുന്നണിയിലുണ്ടാക്കിയിരിക്കുന്നത്. അതൃപ്തി പ്രകടമാക്കാന്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് സിപിഐയുടെ ആലോചനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്  സിപിഐ സംസ്ഥാന കൗണ്‍സില്‍ ആവും.

ENGLISH SUMMARY:

The CPI has taken a firm stand against compromising on its demand for the Deputy Opposition Leader post, stating that it will not sacrifice its self-respect before the CPM. The dispute has intensified tensions within the Left Front, with CPI leaders expressing dissatisfaction over the CPM's position. The issue has emerged as a significant challenge for Left unity in Kerala politics.