Image credit: facebook/ktjaleel
ഇടതുപക്ഷ സഹയാത്രികനും മുൻമന്ത്രിയുമായ കെ.ടി. ജലീൽ സി.പി.എം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. 2006 മുതൽ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ആദ്യമായാണ് സി.പി.എം അംഗത്വമെടുത്ത് പൂർണ്ണമായി പാർട്ടി ചട്ടക്കൂടിലേക്ക് വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സജീവ രാഷ്ട്രീയ പ്ലാറ്റ്‌ഫോം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഇടതുപക്ഷത്തിന്റെ പ്രധാന ജനപ്രതിനിധിയായിരുന്നിട്ടും മുൻപ് പാർട്ടി അംഗത്വമെടുക്കുന്ന കാര്യത്തിൽ കെ.ടി. ജലീൽ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മാറിയതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. എം.എൽ.എ പദവി ഒഴിഞ്ഞതോടെ പാർട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാൻ ജലീലിന് സംഘടനാപരമായ പദവികൾ അനിവാര്യമാണ്. പാർട്ടി അംഗമാകുന്നതോടെ കെ.ടി. ജലീലിന് സി.പി.എം കമ്മിറ്റികളിൽ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാൻ സാധിക്കും. നേരത്തെ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് നേരിട്ട് ഉൾപ്പെടുത്തിയ മാതൃക ജലീലിന്റെ കാര്യത്തിലും മലപ്പുറത്ത് ഉണ്ടായേക്കും.
മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കെ.ടി. ജലീലിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് സി.പി.എമ്മിനും വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ടി.കെ ഹംസ അടക്കമുള്ള മുതിർന്ന സി.പി.എം നേതാക്കൾ സജീവ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ, മലപ്പുറത്ത് പാർട്ടിക്കായി ശക്തമായി വാദിക്കാനും പ്രസംഗിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കെ.ടി. ജലീലിനെപ്പോലൊരു നേതാവിന്റെ സാന്നിധ്യം സി.പി.എമ്മിന് ആവശ്യമാണ്. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കോട്ടകളിൽ ലീഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ജലീലിന്റെ വരവ് മലപ്പുറത്തെ സി.പി.എമ്മിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും.