പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വസതിയില്‍ നടന്ന ഇഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടത് നേതാക്കളില്‍ നിന്നും സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നും പുറത്തുവരുന്നത്. ഇതിനിടെ ഇ.ഡിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വിമര്‍ശന പോസ്റ്റുമായി രംഗത്തുവന്നിരിക്കുകയാണ് ബിനീഷ് കോടിയേരി. പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല, മടിയില്‍ കനമില്ലാത്ത സഖാവ് പിണറായി വിജയന്‍ മരണം വരെ സിപിഎം ആയിരിക്കും എന്നും വല്ല കോണ്‍ഗ്രസുകാരന്‍റെയും വീട്ടില്‍ റെയ്ഡ് നടത്തിയല്‍ ഇ.ഡിക്ക് പോരുന്ന വഴിക്ക് ഒരു ബിജെപി നേതാവിനെ കിട്ടുമെന്നുമാണ് ബിനീഷിന്‍റെ പോസ്റ്റ്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം....

ഇത് കൂടാതെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചതിനെ ബന്ധപ്പെടുത്തിയും ബിനീഷ് റെയ്ഡിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ് കുറിച്ചിരുന്നു ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ED റെയ്ഡ്’ എന്നതായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം. 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തുന്ന റെയ്ഡിൽ യുഡിഎഫ് സർക്കാരിന്റെ ഇടപെടലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞ് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാറും രംഗത്തുവന്നിരുന്നു. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആസൂത്രിത ആക്രമണമാണിത്. ഇത്തരം നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

തന്‍റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത് രാഹുല്‍ ഗാന്ധിക്ക് വലിയ മനഃസംതൃപ്തി നല്‍കിയിരിക്കാമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. എന്തുകൊണ്ട് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചുകൊണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ബിജെപി സര്‍ക്കാര്‍ എക്കാലവും കരുതിക്കൂട്ടിയുള്ള ആക്രമമാണ് നടത്തുന്നത്. പക്ഷേ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കുനേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും പിണറായി കുറ്റപ്പെടുത്തി.

ENGLISH SUMMARY:

Pinarayi Vijayan's residence was raided by the ED, sparking strong criticism from Left leaders and online activists. Bineesh Kodiyeri posted critiques against the ED and Congress, suggesting that if Congress-ruled houses were raided, an BJP leader would be found en route.