മുന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ തോല്‍പിക്കാന്‍ ബിജെപിയില്‍നിന്ന് ചിലര്‍ പണം വാങ്ങിയെന്ന് സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം. എറണാകുളം കവളങ്ങാട് ഏരിയ കമ്മിറ്റിയില്‍ പി.രാജീവിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പയ്യന്നൂര്‍ ഏരിയാകമ്മിറ്റി പിരിച്ചുവിടണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ബിജെപിയില്‍ നിന്ന് പണം വാങ്ങിയ ചിലരാണ് വി.ശിവന്‍കുട്ടിയുടെ തോല്‍പിക്ക് കാരണമെന്നാണ് നേമം ഏരിയ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. പാര്‍ട്ടി അന്വേഷണ കമ്മിഷനെ വച്ചാല്‍ തെളിവുനല്‍കാമെന്നും എം. വി. ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ ചിലര്‍ പറഞ്ഞു. പി.രാജീവിന്‍റെ സമീപനം ശരിയല്ലെന്നായിരുന്നു കളവങ്ങാട് ഏരിയ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അനര്‍ഹനാണെന്നും ശൈലി മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ അകലുമെന്നും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് നോക്കുകുത്തിയെന്ന് പയ്യന്നൂര്‍ ഏരിയ കമ്മറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഏരിയ കമ്മറ്റി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. നേതാക്കളുടെ അനാവശ്യവാര്‍ത്താസമ്മേളനം തിരിച്ചടിയായെന്നും രക്തസാക്ഷി ഫണ്ട് വിവാദം കേരളം മുഴുവന്‍ അലയടിച്ചെന്നും അംഗങ്ങള്‍ പറഞ്ഞു. വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഒരിക്കലും തോല്‍ക്കില്ലെന്ന ധാര്‍ഷ്ട്യം പരാജയകാരണമായെന്നും അംഗങ്ങള്‍ തുറന്നടിച്ചു