നിയമസഭാ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനം കനക്കുന്നു. അടൂര്‍ ഏരിയാ കമ്മിറ്റിയില്‍ എം.വി.ഗോവിന്ദനെതിരെ കടുത്ത പരിഹാസമാണുണ്ടായത്. നടന്‍ ജയന്‍ അഭിനയിച്ച സിനിമയിലെ 'ചാം ചച്ച ചോം ചച്ച' പാട്ട് പോലെയാണ് എം.വി.ഗോവിന്ദന്‍റെ പത്രസമ്മേളനമെന്നും പാട്ടെഴുതിയ ആള്‍ക്കോ സംഗീത സംവിധായകനോ ഗായകനോ അതെന്താണെന്ന് എന്നറിയില്ല എന്നും പരിഹാസമുയര്‍ന്നു.

ബന്ധു നിയമനത്തില്‍ ഇ.പി.ജയരാജനെതിരെ നപടി എടുത്തവര്‍ എം.വി.ഗോവിന്ദന്‍റെ ഭാര്യാനിയമനത്തിന് എതിരെ നടപടി എടുക്കാത്തത് എന്തെന്നും വിമര്‍ശനം ഉയര്‍ന്നു. കെപിഎംഎസിന്‍റെ എല്ലാ വോട്ടും എല്‍ഡിഎഫിന് നല്‍കാം എന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ പണം വാങ്ങി എന്നും കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി. അടൂരില്‍ പ്രിജി കണ്ണന്‍ എന്ന സൗമ്യമുഖത്തെ എത്തിച്ചതല്ലാതെ സിപിഐ ഒന്നും ചെയ്തില്ലെന്നും ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടാണ് പ്രിജി കണ്ണന്‍റെ തോല്‍വിക്ക് കാരണമെന്നും അഭിപ്രായമുയര്‍ന്നു.

നേതൃത്വത്തിന്റെ പരാജയവും ഭരണവിരുദ്ധ വികാരവും ധാർഷ്ട്യവും ശരീരഭാഷയും എല്ലാം പരാജയത്തിന് കാരണമായി എന്ന് ജില്ലാ കമ്മിറ്റികളിൽ തുടരെ വിമർശനം ഉയരുന്നുണ്ട്. പരാജയകാരണം പിണറായിയുടെ ധാർഷ്ട്യമാണെന്ന് നേരത്തേ തിരുവനന്തപുരം ജില്ല കമ്മിറ്റിയില്‍ അംഗങ്ങള്‍ തുറന്നടിച്ചിരുന്നു. വാർത്താസമ്മേളനങ്ങളിലെ തന്‍റെ ശരീരഭാഷ ശരിയല്ലെന്നും വീട്ടില്‍ തന്‍റെ മകന്‍ പോലും വിമര്‍ശിച്ചെന്നും എം.വി.ഗോവിന്ദന്‍ സമ്മതിക്കുകപോലുമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും തിരുവനന്തപുരത്ത് രൂക്ഷ വിമര്‍ശനമുണ്ടായി. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് . സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ലെന്ന് കുറ്റപ്പെടുത്തലുണ്ടായി.

നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ നിലനിൽപ്പില്ലെന്നുമായിരുന്നു ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റിയിലുയര്‍ന്ന അഭിപ്രായം. പിണറായി വിജയനെതിരെ ജനവികാരം ശക്തമായാരുന്നുവെന്നും ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും നേതാക്കൾ പറഞ്ഞു.

കാസര്‍കോട് തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റിയില്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. പയ്യന്നൂരിലെ സംഘടനാ പ്രശ്നമാണ് തൃക്കരിപ്പൂരിലെ തോല്‍വിക്ക് കാരണം. എം.വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കുമെന്നും അംഗങ്ങള്‍ നിലപാടെടുത്തു. പി ജയരാജനും കെ.കെ ശൈലജയും പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വരണമെന്നും ആവശ്യം ഉയര്‍ന്നു. പി.ജയരാജന്‍ പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉണ്ടായത്.

ENGLISH SUMMARY:

Following a major debacle in the recent Kerala Assembly elections, CPI(M) state leadership, particularly Opposition Leader Pinarayi Vijayan and State Secretary M.V. Govindan, are facing an unprecedented wave of internal fury across various district and area committees. During the Adoor area committee meet, Govindan's press interactions were brutally mocked and compared to an incomprehensible old movie song, while members raised serious double-standard questions regarding a job appointment involving his wife. In Thiruvananthapuram, members directly attributed the electoral routing to Pinarayi Vijayan's perceived arrogance, heavily slamming the former Chief Minister's office for maintaining a corporate barrier that alienated common citizens. The dynamic wave of resentment extended to Alappuzha, where local leaders warned of an existential crisis if the top brass refused to amend their high-handed style, and to Kasaragod, where calls were made to bring leaders like P. Jayaraj and K.K. Shailaja into key organizational roles. While the bottom-tier cadre points toward absolute anti-incumbency and flawed public body language as the root causes, the brewing factional discontent indicates a demanding post-election restructuring phase within the Marxist party.