binnesh-kodiyerl

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ അവഗണിച്ച്  സിപിഎം സംസ്ഥാന നേതൃത്വം  . അംഗത്വം പുതുക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ  അപേക്ഷ  നാല് തവണയാണ് സിപിഎം സംസ്ഥാന നേതൃത്വം നിരസിച്ചത്.  പ്രാദേശിക  വിഷയമാണെന്ന് പറഞ്ഞ്  ഇതേപ്പറ്റിയുള്ള ചോദ്യത്തില്‍ നിന്നും എം വി ഗോവിന്ദന്‍ ഒഴിഞ്ഞുമാറി.

കേസില്‍ പ്രതിയാകുമ്പോളോ ജയിലില്‍ പോകുമ്പോളോ പാര്‍ട്ടി അംഗത്വം മരവിപ്പിക്കാറില്ലെങ്കിലും ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ അസാധാരണ നീക്കമാണ് സിപിഎമ്മില്‍ നടന്നത്. 2001 മുതല്‍ 2020 വരെ പാര്‍ട്ടി അംഗത്വമുണ്ടായിരുന്നു ബിനീഷ് ജയിലില്‍ പോയതോടെ അംഗത്വം മരവിപ്പിച്ചു. 2023 ൽ കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായി തിരിച്ചെത്തിയിട്ടും ബിനീഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ തയ്യാറായില്ല.  നാലു തവണയാണ് ബിനീഷിന്‍റെ അംഗത്വം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഗൗനിക്കുക പോലും ചെയ്തിട്ടില്ല. ബിനീഷിനോടുള്ള അവഗണനക്കെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.  അംഗത്വം പുതുക്കാത്തത് എം വി ഗോവിന്ദന്‍റെ ഉള്‍പ്പടെയുള്ള തീരുമാനം ആണെന്നിരിക്കെ ഇത് പ്രാദേശിക വിഷയം എന്ന് പറഞ്ഞ് എം വി ഗോവിന്ദന്‍ ഒഴിഞ്ഞുമാറി . കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതിക ശരീരം ആദരാ‍ജ്ഞലി അര്‍പ്പിക്കാന്‍ തിരുവന്തപുരത്ത് എത്തിക്കാത്തത് മുതല്‍ പാര്‍ട്ടിയെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. അന്ന് മുതലാണ് ബിനീഷിനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം  അവഗണിക്കാന്‍ തുടങ്ങിയത് വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ഇത് സജീവ ചര്‍ച്ചയാവും