പരിമിതമായ ജീവിത സാഹചര്യങ്ങളെ പൊരുതിത്തോൽപ്പിക്കുന്നവർക്ക് വേഗത്തിൽ സാധാരണക്കാരന്റെ ശബ്‌ദമാവാൻ കഴിയും. വാമനപുരമെന്ന മലയോര മണ്ഡലത്തിൽ അര നൂറ്റാണ്ടിലേറെയുള്ള ഇടത് കുത്തക തകർത്ത സുധീർഷാ പാലോടിന്റെ വിജയ വഴിയിൽ കയറ്റിറക്കങ്ങൾ ഏറെയുണ്ട്. സമരമുഖങ്ങളിൽ പൊലീസിന്റെ കൊടിയ മർദനമേറ്റ് തളർന്ന്, ശരീരമാസകലം പരുക്കുമായി കയറി വന്നിരുന്ന മകനെ ചേർത്തുപിടിച്ച മാതാപിതാക്കളും, കുടുംബാംഗങ്ങളും സഹപ്രവർത്തകരും എംഎൽഎ പദത്തിലെ നേട്ടത്തിൽ അഭിമാനിക്കുകയാണ്.

കയറ്റിറക്കങ്ങളുടെ വേഗതയിൽ തളർന്നു പോകാത്തയാളിന് ഇടം വലം കിതയ്ക്കുന്നവർക്ക് കൈ പിടിച്ച് കരുതലൊരുക്കാൻ കഴിയും. ഉയർച്ച താഴ്ചയുടെ കൈത്തലങ്ങളിൽ അവർക്ക് സ്‌നേഹം നിറയ്ക്കാനാവും. പാലോട് സുധീർ ഷാ മൻസിലിൽ നിന്നും വാമനപുരത്തിന്‍റെ ജനപ്രതിനിധിയായ സുധീർഷാ പാലോടും ഓടിപ്പാഞ്ഞ് പിന്നിലാക്കിയ സങ്കടപ്പാച്ചിലിൽ അനുഭവങ്ങളുടെ വേഗത ഏറെയുണ്ട്. സാധാരണക്കാരന്‍റെ ശബ്‌ദമാവാൻ ജീവിത പ്രയാസങ്ങൾ തടസമേയല്ലെന്ന് സുധീർഷാ.

വിശ്രമമില്ലാതെയുള്ള ഓട്ടം കൂടുമെന്നറിയാമെങ്കിലും കുടുംബത്തിനും കരുതലൊരുക്കാൻ മറക്കില്ലെന്ന് ഭാര്യ. സന്തോഷവും അഭിമാനവും നിറഞ്ഞ മനസുമായി രക്ഷിതാക്കളും സഹോദരനും. വാപ്പച്ചി എം.എൽ എ ആയെന്ന് പറയാൻ സന്തോഷിക്കുന്ന മകൻ ആമിൽ മുഹമ്മദ്. കോട്ട പൊളിക്കാമെങ്കിൽ ജനഹൃദയങ്ങളിലും തുടർച്ചയായി ഇരിക്കാമെന്നും നേതാക്കളുടെ വിശ്വാസം.

വരവ് ചെലവ് കണക്ക് ബോധിപ്പിക്കുമ്പോൾ സ്വന്തമായൊരു ഇരുചക്ര വാഹന വിവരം പോലും രേഖപ്പെടുത്താൻ കഴിയാത്ത സുധീർ ഷായ്ക്ക് കനപ്പെട്ടതായുള്ളത് കൈകോർത്ത് പിടിച്ച് കരുത്തായി മാറുമെന്ന ജനങ്ങളുടെയും പാർട്ടിയുടെയും വിശ്വാസം മാത്രമാണ്.