kv-thomas-2

കെ.വി.തോമസ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പദവിയൊഴിയുന്നു. പദവി തുടരണോ വേണ്ടയോ എന്ന് യുഡിഎഫ് സർക്കാർ തീരുമാനിക്കട്ടെ എന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തില്‍ ചേക്കേറിയ തോമസിനെ കാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ നിയമിച്ചത്. ‘കുമ്പളങ്ങിയിൽനിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന കെ.വി.തോമസിന്റെ പുസ്തകത്തിന്റെ ഡൽഹിയിലെ പ്രകാശനം ഇന്ന് നടക്കും.

 

കുമ്പളങ്ങിയില്‍നിന്ന് ചെങ്കോട്ടയിലെത്തിയ തോമസ് മാഷ്, കേരള ഹൗസില്‍നിന്ന് കുമ്പളങ്ങിയിലേക്ക് മടങ്ങുകയാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസുമായി അകന്ന തോമസിനെ എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടി പുറത്താക്കിയത്. 2023 ജനുവരി 19ന് രണ്ടാം പിണറായി സര്‍ക്കാര്‍ അദ്ദേഹത്തെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചു.  കോണ്‍ഗ്രസിലായിരിക്കെ സംസ്ഥാനമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന അദ്ദേഹത്തിന്‍റെ ഡല്‍ഹി ബന്ധങ്ങള്‍ സംസ്ഥാനത്തിന്‍റെ നേട്ടത്തിനായി പ്രയോജനപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 

 

പദവിയില്‍ തുടരാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് സർക്കാർ തീരുമാനമെടുക്കണം എന്ന് മറുപടി. മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ടെന്നും കെ.വി തോമസ്.

 

കേന്ദ്രധനമന്ത്രിയും പിണറായി വിജയനുമായി കേരളഹൗസില്‍ കെ.വി.തോമസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചിരുന്നു.  ഒരുലക്ഷം രൂപ ഓണറേറിയവും വിമാനക്കൂലിയും ജീവനക്കാരുമടക്കമായിരുന്നു കെ.വി.തോമസിന്‍റെ ഡല്‍ഹിയിലെ നിയമനം. 

ENGLISH SUMMARY:

K.V. Thomas has said the newly formed UDF government should decide whether he should continue as Kerala’s Special Representative in Delhi. The former Congress leader, who later joined the Left camp, reflected on his political journey and ongoing ties with Chief Minister V.D. Satheesan. His Delhi appointment under the Pinarayi Vijayan government had earlier sparked political controversy.