Image credit: facebook/ktjaleel

Image credit: facebook/ktjaleel

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ താന്‍ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് കെ.ടി.ജലീല്‍. സമൂഹമാധ്യമങ്ങളില്‍ അസംബന്ധങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ചെങ്കൊടി വിട്ടൊരു രാഷ്ട്രീയവും ഇനിയില്ലെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും കുറ്റങ്ങളും കുറവുകളും സ്വാഭാവികമാണെന്നും പാര്‍ട്ടി തെറ്റുകള്‍ തിരുത്തുമെന്നും ജലീല്‍ എഴുതുന്നു. ഭൂരിപക്ഷ–ന്യൂനപക്ഷ വര്‍ഗീയതയെ ചെറുത്ത് തോല്‍പിക്കുമെന്നും അവസാനം വരെ പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ച് മുന്നേറുമെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിങ്ങനെ: 'ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും.  അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും. 

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും. 

സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങൾ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാൽസലാം'.  തവനൂരിലെ എംഎല്‍എ ആയിരുന്ന ജലീലിനെ 14,647 വോട്ടുകള്‍ക്കാണ് വി.എസ്.ജോയി പരാജയപ്പെടുത്തിയത്.

ENGLISH SUMMARY:

Following the Left front's heavy defeat in the Kerala Assembly elections, prominent legislator KT Jaleel has vehemently dismissed widespread social media rumors suggesting he is severing ties with the CPM. Writing a defiant note on Facebook, Jaleel labeled the speculation as absolute nonsense and declared that he cannot conceive a political future away from the iconic red flag. Evoking historical resistance, he asserted that even at the cost of his life, he would never betray those who trusted him and would remain steadfastly aligned behind Pinarayi Vijayan and the party through both triumphs and failures. Acknowledging the electoral setback, the former minister noted that flaws and mistakes are inherently human, expressing absolute confidence that the party will introspect, rectify its errors, and rise like a phoenix to shield secularism. Concluding his statement with a spirited "Lal Salam," Jaleel vowed to continue his active public life with an enduring passion for left-wing ideology while aggressively combatting both majority and minority communalism.