ആരും ഏറ്റെടുക്കാതിരുന്ന 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ചോദിച്ചു വാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. നേരത്തെ ഷാജിക്ക് ഒന്‍പതാം നമ്പര്‍ കാറായിരുന്നു അനുവദിച്ചിരുന്നത്. ടൂറിസം വകുപ്പിനോട് ഷാജി 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെടുകയായിരുന്നു. വൈകിട്ടോടെ ഷാജിക്ക് കാര്‍ ലഭിക്കും. ഷാജിയുടെ ഒന്‍പതാം നമ്പര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിക്കും.
പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ പുതിയ മന്ത്രിമാര്‍ വേണ്ടെന്ന് പറഞ്ഞതോടെ 13-ാം നമ്പര്‍ ഒഴിവാക്കിയാണ് വാഹനം അനുവദിച്ചത്. മുന്‍പും യുഡിഎഫ് മന്ത്രിസഭയിലെ ആരും 13–ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരില്‍ പി.പ്രസാദാണ് 13–ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മുന്‍മന്ത്രിമാരില്‍ തോമസ് ഐസകും, 2006 ലെ അച്യുതാനന്ദന്‍ സര്‍ക്കാരില്‍ എം.എ.ബേബിയും പതിമൂന്നാം നമ്പര്‍ കാറാണ് ഉപയോഗിച്ചത്.
13-ാം നമ്പര്‍ കാറു പോലെ അന്ധവിശ്വാസത്തിന്‍റെ ഭാഗമായി ആരും താമസിക്കാന്‍ തയ്യാറാകാതിരുന്ന മന്ത്രിമന്ദിരമാണ് മന്‍മോഹന്‍ ബംഗ്ലാവ്. തിരുവനന്തപുരത്ത് ഗവര്‍ണറുടെ ഔദ്യോഗിക വസതിയിയായ ലോക്ഭവനോട് തൊട്ടുചേര്‍ന്ന ഈ പുരാതനമന്ദിരത്തെക്കുറിച്ച് പ്രേത കഥകളും വാസ്തുദോഷങ്ങളും കേട്ടിരുന്നു. അന്ധവിശ്വാസങ്ങളെ മാറ്റിനിര്‍ത്തി വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ യുവമന്ത്രി ഒ.ജെ.ജനീഷ് ഈ വീട് ഏറ്റെടുത്തു.