mohammed-shiyas-2

മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയിൽ വി.ഡി.സതീശൻ അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് ജാതിയെന്ന് മുഹമ്മദ് ഷിയാസ് എംഎല്‍എ. വർഗീയത ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. നിരാശയുള്ള ചിലർ നടത്തുന്ന ശ്രമമാണിതെന്നും ജിന്റോ ജോണിന്റെ പരാമർശവും അങ്ങനെ കണ്ടാൽ മതിയെന്നും മുഹമ്മദ് ഷിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു 

 

ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്നടക്കം ഉയർന്ന വിമർശനങ്ങൾക്ക് പിന്നിൽ വലിയ കള്ളത്തരമുണ്ടെന്നും, വർഗീയത ആളിക്കത്തിച്ച് വൈകാരികമായ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. പുരോഗമനപരമായ ചിന്തകളില്ലാത്ത പ്രസ്ഥാനമായി മാർക്സിസ്റ്റ് പാർട്ടി മാറിയെന്നും വിമർശനമുണ്ട്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും, മേൽജാതി, കീഴ്ജാതി ചിന്തകൾ സമൂഹത്തിൽ വളർത്താനും ആർഎസ്എസും സംഘപരിവാറും നടത്തുന്ന അതേ ശ്രമങ്ങൾ തന്നെയാണ് സിപിഎമ്മും ഇപ്പോൾ പയറ്റുന്നതെന്നും ഷിയാസ് ആരോപിച്ചു. 

 

നെഹ്‌റുവിയൻ ആശയങ്ങളുമായി ചേർന്നുനിൽക്കുന്ന ഒരാൾ പിതാവിന്റെ പേര് പറഞ്ഞതിൽ തെറ്റില്ലെന്നും, മുഖ്യമന്ത്രിയുടെ നിലപാടുകളിലെ വ്യക്തതയും സത്യസന്ധതയും ആദർശശുദ്ധിയുമാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് എത്തിച്ചതെന്നും ഷിയാസ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പൊതുബോധം ഇഷ്ടപ്പെടുന്ന വലിയൊരു സ്വീകാര്യത അദ്ദേഹത്തിനുണ്ട്. അതിൽ പോറലേൽപ്പിക്കാനുള്ള ശ്രമങ്ങൾ ചിലരുടെ നിരാശാബോധത്തിൽ നിന്നുള്ളതാണെന്നും  ഷിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്നും, ജനങ്ങൾ ഈ കള്ളത്തരങ്ങൾ തിരിച്ചറിയുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Kerala MLA Muhammed Shiyas defended Chief Minister V.D. Satheesan against criticism over mentioning his father’s name during the swearing-in ceremony. Shiyas alleged that the CPM is attempting to create communal tensions and emotional political gains through misleading narratives. He also accused the party of encouraging social divisions and targeting Satheesan’s growing public acceptance in Kerala.