ഭരണംമാറിയതോടെ സംസ്ഥാന സ്പോട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനത്തിനായി നീക്കം തുടങ്ങി പ്രമുഖർ. രാഷ്ട്രീയരംഗത്തിനു പുറമെ, കായികരംഗത്തുനിന്നുള്ളവരും സ്പോട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തിനായി ശ്രമിക്കുന്നുണ്ട്. കായികരംഗത്ത് കയ്യൊപ്പു ചാർത്തിയവരെ കൗൺസിൽ അധ്യക്ഷരാക്കുന്ന പതിവ് ഉമ്മൻ ചാണ്ടി സർക്കാർ സജീവമാക്കിയതുകൊണ്ട്, ആ തുടർച്ച പുതിയസർക്കാരും പ്രാവർത്തികമാക്കണം എന്നാണ് പൊതു ആവശ്യം.
പത്മിനി തോമസ്, അഞ്ചു ബോബി ജോർജ്. ആ തുടർച്ച ഇല്ലാതാക്കി ടി.പി. ദാസനെ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റാക്കിയത് ഭരണം മാറിയപ്പോൾ ഇടതു സർക്കാർ ആണ്. എന്നാൽ അധികം വൈകാതെ ഒളിംപ്യൻ മേഴ്സികുട്ടനെ കൗൺസിൽ അധ്യക്ഷയാക്കിയ എൽഡിഎഫും, കൗൺസിൽ അമരത്ത് കായിക പ്രതിഭയെ തന്നെ നിയോഗിച്ചു. മെഴ്സികുട്ടൻ ഒഴിഞ്ഞപ്പോൾ യു. ഷറഫലിയെ നിയോഗിച്ചു ആ തുടർച്ചയും കാത്തു. പുതിയ സർക്കാർ കൗൺസിൽ പുനഃസംഘടിപ്പിക്കുമ്പോൾ കായികപ്രതിഭകൾ തന്നെ വരട്ടെ എന്ന അഭിപ്രായമാണ് കായികമേഖലയിൽ ഉള്ളവർക്ക്. എന്നാൽ പ്രസിഡന്‍റ് സ്ഥാനത്തിനായി പലരും രംഗത്തുവന്നു കഴിഞ്ഞു എന്നാണ് വിവരം.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് ജോഷി പള്ളൻ, കെപിസിസി കായിക വേദി പ്രസിഡന്‍റ് നജ്മുദീൻ എന്നിവരൊക്കെയാണ് സ്ഥാനം ലക്ഷ്യമിട്ട് നീക്കം കടുപ്പിച്ചിരിക്കുന്നത്.എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് പള്ളൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നത്. തൃപ്രയാർ വോളി അക്കാദമിയുടെ പ്രവർത്തനത്തിലെ പങ്കാളിത്തം ടി.എൻ.പ്രതാപൻ ഉന്നയിക്കുന്നു.
ഇതിനിടെ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റുമാർ എന്ന നിലയ്ക്ക് മുൻ കായിക പ്രതിഭകളുടെ പ്രവർത്തനങ്ങളും, ഇടപെടലും അത്ര മികച്ചതായിരുന്നില്ല എന്ന വിമർശനം ചില മുൻ കായിക താരങ്ങൾ തന്നെ ഉന്നയിക്കുന്നുണ്ട്.