മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയ്ക്കു ശേഷം ഗവര്‍ണര്‍ക്കു നല്‍കും.  രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പെന്ന് സൂചന. മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് പറഞ്ഞ് ചെന്നിത്തല നിലപാട് കടുപ്പിച്ചതോടെയാണ്  വിട്ടുവീഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. 

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ വഴുതക്കാട്ടെ ചെന്നിത്തലയുടെ വീട്ടിലെത്തി  കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം, വി.ഡി.സതീശന്‍ കെ.സി.വേണുഗോപാലുമായി ചര്‍ച്ച നടത്തി. തര്‍ക്കവിഷയങ്ങളില്ല കെ.സി. നിഷ്പക്ഷ നിലപാടെടുത്തവന്‍. പരസ്പരം തിരുത്തും, വാശിപിടിക്കുന്നവരല്ല. ഞങ്ങള്‍ പണ്ടേ സുഹൃത്തുക്കള്‍. ഒന്നിച്ചു പഠിച്ചവരാണ്, ഒന്നിച്ച് പലവട്ടം യാത്ര ചെയ്തവരാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. 

തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി സര്‍ക്കാരിലെ മന്ത്രിമാരെ നിശ്ചയിക്കാന്‍ യുഡ‍ിഎഫില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്.  യുഡിഎഫ് സർക്കാരിൽ 2 മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ആവശ്യം ശക്തമാക്കി കേരളാ കോൺഗ്രസ് രംഗത്തുണ്ട്. യുഡിഎഫ് ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുത്ത പാർട്ടി ചെയർമാൻ പി ജെ ജോസഫ്, 7 എംഎൽഎമാരുള്ള കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി. രണ്ടാം മന്ത്രിസ്ഥാനത്തിലൂടെ മകൻ അപു ജോൺ ജോസഫിനെ മന്ത്രിസഭയിൽ എത്തിക്കാനാണ് ശ്രമം. 

അതേസമയം, ജലം അല്ലെങ്കിൽ വനം വകുപ്പ് ആവശ്യപ്പെട്ട ആർഎസ്പിയും സമ്മർദ്ദം ശക്തമാക്കി. ഒറ്റ എംഎൽഎ ഉള്ള കക്ഷികളുടെ നേതാക്കളായ അനൂപ് ജേക്കബ്, സിപി ജോൺ, മാണി സി കാപ്പൻ എന്നിവരും ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വം നൽകുന്ന നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. 

തിരുവനന്തപുരം നന്ദാവനത്തെ പാണക്കാട് ഹാളിലെത്തി വി.ഡി. സതീശന്‍ ലീഗ് നേതാക്കളെ കണ്ടു. തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാനാണ് ലീഗ് നേതാക്കളുമായുള്ള  കൂടിക്കാഴ്ചയെന്ന് വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭാ രൂപീകരണം നാളെ ഉച്ചയോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിമാരെ ഇന്ന് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. 

ENGLISH SUMMARY:

Chief Minister-elect VD Satheesan announced that the official cabinet list will be submitted to the Governor tomorrow, with hints that Ramesh Chennithala will head the Home Ministry.