നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ അഞ്ച് സീറ്റുകളിലും ഉജ്ജ്വലവിജയം നേടുമെന്നത് ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ ഉറച്ച വിശ്വാസമായിരുന്നു. വിശ്വാസം അരക്കിട്ടുറപ്പിക്കും വിധം ഇടുക്കിയിൽ അഞ്ച് സീറ്റുകളും യുഡിഎഫ് വിജയിച്ചു. എന്നാല്‍ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം തെരുവിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതിസന്ധിയിലായ ജില്ല ഇടുക്കിയായിരുന്നു. അവിടെ സതീശനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രകടനം നടത്തി. തൊടുപുഴയില്‍ സതീശനുവേണ്ടി ഫ്ലെക്സുകള്‍ ഉയര്‍ന്നു. എന്നാല്‍ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി ഭാരവാഹികളെ പദവികളില്‍ നിന്ന് നീക്കിയാണ് ഡിസിസി പ്രസിഡന്‍റ് പ്രതികരിച്ചത്.

സംസ്ഥാനത്ത് ഒരിടത്തും ഉണ്ടാകാത്ത അച്ചടക്കനടപടി പാര്‍ട്ടി അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കുമെതിരെ ഉണ്ടായതോടെ ഇടുക്കി കോണ്‍ഗ്രസില്‍ ഏറെക്കാലമായി പുകഞ്ഞുനിന്ന ചേരിപ്പോര് ആളിക്കത്തി. നടപടിക്ക് വിധേയരായവരെ അനുകൂലിച്ച് എംപി ഡീന്‍ കുര്യാക്കോസ് പരസ്യമായി രംഗത്തുവന്നു. നടപടി ക്രൂരമാണെന്നും പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണമെന്നും ഡീന്‍ പറഞ്ഞു. ഇതിനോട് സി.പി.മാത്യു പരുഷമായി പ്രതികരിച്ചു. ഡീന്‍ മൂക്കാതെ പഴുത്ത നേതാവാണെന്നും ഇടുക്കിയില്‍ സംഘടനയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഡിസിസി പ്രസിഡന്‍റ് തുറന്നടിച്ചു.

മാത്യുവിന്‍റെ പരാമര്‍ശങ്ങളോട് ഡീന്‍ പ്രതികരിച്ചില്ല. പക്ഷേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ സി.പി.മാത്യുവിന്‍റെ തൊലിയുരിച്ചു. പ്രവര്‍ത്തകരെയും എംപിയെയും വരെ അധിക്ഷേപിച്ച ഡിസിസി പ്രസിഡന്‍റ് രാജിവയ്ക്കണമെന്നായി ആവശ്യം. അത് ഇപ്പോഴും കത്തുകയാണ്. ഇതാദ്യമായല്ല സി.പി.മാത്യു പാര്‍ട്ടിയെ ധര്‍മസങ്കടത്തിലാക്കുന്നത്. വണ്ടിപ്പെരിയാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ചത് വന്‍ വിവാദത്തിനും വിമര്‍ശനത്തിനും വഴിവച്ചിരുന്നു. 

സംഘടന വിരുദ്ധമായി ആര് പ്രവർത്തിച്ചാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് മാത്യു ആവർത്തിച്ച് പറയുന്നത്. സി.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, പാര്‍ട്ടി നേതൃത്വത്തിന് പരാതി നൽകി. പെരുവന്താനം മണ്ഡലം പ്രസിഡന്റിനെ കെപിസിസി മാറ്റിയത് ഡിസിസി പ്രസിഡന്റിനെ അറിയിച്ചില്ലെന്നാരോപിച്ച് കഴിഞ്ഞവർഷം സി.പി.മാത്യു കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രാജിക്കത്ത് നല്‍കിയിരുന്നു. ഇത് പിന്നീട് ചർച്ച ചെയ്ത് പരിഹരിച്ചു. ഡീൻ കുര്യാക്കോസിന് എതിരെയുള്ള അധിക്ഷേപം വലിയതോതിൽ വിമർശനത്തിന് കാരണമായെങ്കിലും നടത്തിയത് സ്വാഭാവിക പ്രതികരണമെന്നാണ് സിപി മാത്യുവിന്റെ നിലപാട്.

ENGLISH SUMMARY:

Despite a historic sweep where the UDF won all five assembly seats in Idukki, the district Congress unit has plunged into a severe crisis due to an intense factional feud. The conflict erupted after DCC President C.P. Mathew took disciplinary action against party office-bearers who took out a protest march demanding V.D. Satheesan be made Chief Minister. Idukki MP Dean Kuriakose openly criticized this move as "cruel," which prompted a harsh retaliation from C.P. Mathew, who called Dean an immature leader who contributed nothing to the local organization. This public insult has triggered a massive backlash from party workers on social media, who are now demanding the DCC President's resignation.