വനിതാ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. തിരഞ്ഞെടുപ്പ് ഫലം വന്നു ഇത്ര നാളായിട്ടും മുസ്്ലിം ലീഗിന്റെ വനിതാ എം.എല്‍.എ ഫാത്തിമ തഹ്്ലിയയെ അഭിനന്ദിക്കാന്‍ തയാറാവാത്തത് ചോദ്യം ചെയ്താണ് ലീഗ് അണികള്‍ രംഗത്തെത്തിയത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍, തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച അംഗങ്ങളെ അഭിനന്ദിച്ചപ്പോഴും ഫാത്തിമ തഹലിയുടെ പേരു പോലും പരാമര്‍ശിച്ചില്ലെന്നാണ് ആരോപണം.ദേശീയ സെക്രട്ടറിയായിരുന്ന നൂര്‍ബിന റഷീദിന്റെ പൊട്ടിത്തെറിക്കപ്പുറം തിരഞ്ഞെടുപ്പിനു ശേഷവും വനിതാ ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അമര്‍ശം പുകയുകയാണ്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുസ്്ലിം ലീഗിന്റെ ആദ്യ വനിതാ എം.എല്‍.എ. ഫാത്തിമ തഹ്്ലിയെയോ കൂത്തുപറമ്പില്‍ വമ്പന്‍ പോരാട്ടം നടത്തിയ സംഘാടനാ അംഗം കൂടിയായ ജയന്തി രാജനെയോ അഭിനന്ദിക്കാന്‍ തയറായില്ലെന്നാണ് അണികളുടെ ആരോപണം.
യോഗ വിവരം പങ്കുവച്ച് സംസ്ഥാന പ്രസിഡന്റ് സുഹ്്റ മമ്പാട് പങ്കുവച്ച എഫ്.ബി. പോസ്റ്റില്‍ കമന്റുകളുടെ ബഹളമാണ്. ഇത്രയും കുശുമ്പും അസൂയയും ഉള്ളവരെ സ്ഥാനത്തു നിന്നു മാറ്റണമെന്നാണു മിക്ക കമന്റുകളിലെയും ആവശ്യം. എന്നാല്‍ സംസ്ഥാന കമ്മിറ്റി യോഗമാണ് നടന്നതെന്നും സൈബര്‍ അറ്റാക്കില്‍ പേടിക്കില്ലെന്നും സുഹ്റ മമ്പാടും തിരിച്ചടിച്ചു.
സംഘടനാ അംഗമല്ലാത്തതിനാലാണു യോഗത്തിലേക്ക് ഫാത്തിമയെ ക്ഷണിക്കാതിരുന്നതെന്നും സംസ്ഥാന പ്രസിഡന്റ് വിശദീകരിക്കുന്നു.അതേ സമയം സുഹ്റ മമ്പാട് പേരാമ്പ്രയില്‍ പ്രചാരണത്തിന് എത്തിയിരുന്നില്ലെന്നും അണികള്‍ ചൂണ്ടികാണിക്കുന്നു.