മുഖ്യമന്ത്രി ചര്‍ച്ച നീളുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ ട്രോളി ഫെയ്സ്ബുക്ക് പോസ്റ്റുമായി മുന്‍മന്ത്രി എംഎം മണി. 'ഇനി വന്ന് വന്ന് യുഡിഎഫിന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?' എന്നാണ് അദ്ദേഹത്തിന്‍റെ പരിഹാസ ചോദ്യം. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ട്രോള്‍ ചിത്രവും അദ്ദേഹം പങ്കിട്ടു.
ഇതിന് താഴെ വന്ന കമന്‍റുകളില്‍ അധികവും രസകരമാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പഞ്ചായത്ത് അടിസ്ഥാനത്തിൽ ആണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തവരെ വിളിക്കുന്നതെന്നും, ഇത് കുറ്റിപ്പുറം പഞ്ചായത്താണെന്നും ട്രോളി ആളുകള്‍ ഡല്‍ഹിക്ക് പോകുന്ന എഐ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാം എന്ന പ്രൊഫൈല്‍. സിപിഎമ്മില്‍ ആയിരുന്നു എങ്കിൽ പിണറായി കൽപിക്കും മറ്റുള്ളവര്‍ അനുസരിക്കും, ചോദ്യം ഇല്ല, ഉത്തരം ഇല്ല, ആരെയും വിളിപ്പിക്കുകയും ഇല്ല എന്ന് മണിയാശാനെ തിരിച്ച് ട്രോളുകയാണ് അലക്സാണ്ടര്‍ എന്ന പ്രൊഫൈല്‍.
ഇവരുടെ അടി കണ്ടിട്ട് ഇനി രാഹുൽ ഗാന്ധി എങ്ങാനും കേരള മുഖ്യമന്ത്രി ആയിട്ട് വരുമോ, ആദ്യം പോയി പ്രതിപക്ഷ നേതാവിനെ കണ്ടുപിടിക്കാൻ നോക്ക്, 2006 ഇൽ വിഎസും പിണറായിയും തമ്മിൽ തര്‍ക്കമുണ്ടായത് ഞങ്ങള്‍ മറന്നിട്ടില്ല എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം ഡൽഹിയിൽ തുടരുകയാണ്. സോണിയാഗാന്ധിയുടെ വസതിയായ 10 ജൻപഥിലാണ് കൂടിക്കാഴ്ച നടക്കുന്നത്. വർക്കിംഗ് പ്രസിഡന്റുമാർ, കെപിസിസി മുൻ അധ്യക്ഷൻമാർ, അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇനി രാഹുൽ ഗാന്ധി നേതാക്കളിൽ നിന്നും നിലപാട് തേടും. ഘടകകക്ഷി നേതാക്കളുമായും എ.കെആന്റണിയുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കും. ജനവികാരം കണക്കിലെടുക്കണം എന്ന നിലപാടിലാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ബംഗളൂരുവിലുള്ള മല്ലികാർജുൻ ഖർഗെ വൈകീട്ട് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. എം.എല്‍.എമാരുടെ അഭിപ്രായം മാനിക്കണമെന്ന് ചര്‍ച്ചയ്ക്ക് പുറപ്പെടും മുന്‍പ് കെ. സുധാകരന്‍ പറഞ്ഞു.
നിഷ്പക്ഷനായിരുന്ന എം.എം. ഹസന്‍ കെ.സി.വേണുഗോപാലിനൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസ് നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷികളല്ല. സമൂഹമാധ്യമങ്ങള്‍ പറയുന്നതുപോലെ പാര്‍ട്ടിക്ക് പോകാനാവില്ല. മല്‍സരിക്കാത്തവര്‍ മുന്‍പും മുഖ്യമന്ത്രിയായിയിട്ടുണ്ടെന്നും ഹസന്‍ ഡല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ച് ഘടകക്ഷികള്‍ക്ക് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തീരുമാനം ഉടനുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വേവുവോളം കാത്തിരിക്കാമെങ്കില്‍ ആറുവോളം കാത്തിരിക്കാമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് കെ മുരളീധരൻ പ്രത്യാശ പ്രകടിപ്പിച്ചു. ഘടകകക്ഷികളെ ഹൈക്കമാൻഡ് ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും എല്ലാ കാര്യങ്ങളും സംസാരിക്കാനാണ് ഡൽഹിക്ക് പോകുന്നതെന്നും മുരളീധരൻ പറഞ്ഞു. ഡൽഹിക്ക് വിമാനം കേറുന്നതിനു മുൻപായി തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.