• മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിപുലമായ ചര്‍ച്ചയിലേക്ക്
  • പ്രതിപക്ഷനേതാവിനെ തീരുമാനിക്കാന്‍ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
  • അസമില്‍ ഹിമന്ത ബിശ്വ ശര്‍മ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ. നിർണായക കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് കെപിസിസി മുൻ പ്രസിഡന്റുമാരുടെയും നിലവിലെ വർക്കിങ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടും. പ്രധാന ഘടകകക്ഷി നേതാക്കളുമായും എ.കെ.ആന്റണിയുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കും. 

ജനവികാരം കണക്കിലെടുക്കണം എന്ന നിലപാടിലാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം അവർ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാനാവില്ല എന്ന അഭിപ്രായം ഘടകകക്ഷികൾ പറയും. ഇന്ന് രാത്രിയോ നാളെ രാവിലെയോ തീരുമാനം പ്രഖ്യാപിക്കും. ഇന്നത്തെ ചർച്ചയിലാകട്ടെ കെ.സി., വി.ഡി ,ആർ.സി പക്ഷങ്ങൾ ആശങ്കയിലാണ്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വി പരിശോധിക്കാനും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനും മൂന്ന് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് സെക്രട്ടറിയേറ്റും, നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ് ചേരുന്നത്. തോല്‍വിയുടെ ഭാരം പിണറായിയുടെ തലയില്‍ മാത്രം വെയ്ക്കാനാവില്ലെന്ന നിലപാടിലാണ് പിബി എത്തിയത്. തോല്‍വിയുടെ വിവിധ ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത പിബി റിപ്പോര്‍ട്ടിങ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാവും.

പ്രതിപക്ഷനേതാവ് ആരെന്ന കാര്യത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. നേതൃമാറ്റമെന്ന താല്പര്യം ചില നേതാക്കള്‍ക്കുണ്ടെങ്കിലും  ഭൂരിപക്ഷം പേരും പിണറായി തുടരണമെന്ന  നിലപാടിലാണ്. മുന്നണിയെ നയിക്കുന്നതില്‍ തലമുറ മാറ്റം വേണമെന്നാണ് സിപിഐ ഉള്‍പ്പടെ മിക്ക ഘടകകക്ഷികളുടെയും നിലപാട്. സിപിഐ ആവശ്യപ്പെട്ട പ്രതിപക്ഷ ഉപനേതൃസ്ഥാനം നല്‍കുന്നതിലും സിപിഎം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാവും. കോട്ടയത്ത് ക്രോസ് വോട്ടിങ് നടന്നെന്ന   കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആക്ഷേപവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്ക് വരും. 

അസമിൽ തുടർഭരണം നേടിയ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാല് മന്ത്രിമാരും ഹിമന്തയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഖാനപാരയിലെ വെറ്ററിനറി ഫീൽഡിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 126 അംഗ നിയമസഭയിൽ 102 സീറ്റുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് എൻഡിഎ തുടർഭരണം നേടിയത്.

ENGLISH SUMMARY:

The Congress High Command is holding a final round of discussions in Delhi today to decide the next Chief Minister of Kerala. Rahul Gandhi is expected to consult with former KPCC presidents, working presidents, and senior leader A.K. Antony, as well as key alliance partners, before making an announcement. Sonia Gandhi and Priyanka Gandhi have reportedly emphasized the importance of public sentiment over a simple majority in the parliamentary party. Meanwhile, in Assam, Himanta Biswa Sarma is set to be sworn in as Chief Minister for a second term today following the NDA's landslide victory of 102 seats. The ceremony in Khanapara will be attended by Prime Minister Narendra Modi, Amit Shah, and several other top BJP leaders.