kv-thomas-padmaja-31

കെ.കരുണാകരനും സോണിയ ഗാന്ധിയും തമ്മിലെ അകൽച്ച തുടങ്ങിയത് പത്മജ വേണുഗോപാലിനെ ചൊല്ലിയാണെന്ന് മുതിർന്ന നേതാവ് കെ.വി.തോമസ്. കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാൻ സോണിയയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയായ ശേഷവും പി.വി.നരസിംഹറാവുവിനെ കരുണാകരൻ പി.വി.എന്ന് വിളിച്ചത് അതൃപ്‌തിക്ക് കാരണമായെന്നും കെ.വി തോമസിന്‍റെ പുതിയ പുസ്‌തകത്തിൽ പറയുന്നു.

 

സോണിയ ഗാന്ധി-കെ.കരുണാകരൻ അകൽച്ചയുടെ അണിയറക്കഥകൾ കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് എന്ന പുതിയ പുസ്തകത്തിൽ കെ.വി.തോമസ് വിശദീകരിക്കുന്നു. 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ മകൾ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കണമെന്ന് കരുണാകരൻ ആഗ്രഹിച്ചത് സോണിയ ഗാന്ധിയുമായുള്ള ബന്ധം വഷളാക്കി. സ്ഥാനാർഥി പട്ടികയിൽ സോണിയ ഗാന്ധിയുടെ പ്രതിനിധിയായി പത്മജയുടെ പേര് എഴുതിച്ചേർത്തതിൽ സോണിയ ദേഷ്യപ്പെട്ടു. എന്തിനാണ് പത്മജക്കായി പുറംവാതിൽ നീക്കം നടത്തുന്നതെന്ന് സോണിയ ചോദിച്ചു. കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കിയത് സോണിയയ്ക്ക് ഒട്ടും ഇഷ്‌ടമില്ലായിരുന്നു. മന്ത്രിസഭയുടെ മുന്നോട്ടുപോക്കിന് വേണ്ടി വഴങ്ങുകയായിരുന്നു. ഹൈക്കമാൻഡിനെ എതിർത്ത് കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർഥിയാക്കിയത് കരുണാകരനും സോണിയയും തമ്മിലെ അകലം വർധിപ്പിച്ചു.

 

എ.കെ.ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭാ യോഗത്തിന് മുൻപ് കോൺഗ്രസ് മന്ത്രിമാർ ഫയലുമായി കരുണാകരന്‍റെ വീട്ടിൽ എത്തുന്നതിനെ താൻ എതിർത്തതായി കെ.വി തോമസ് പറയുന്നു. രാജി സന്നദ്ധതയും അറിയിച്ചു. പ്രധാനമന്ത്രിയായ ശേഷവും പി.വി നരസിംഹറാവുവിനെ പി.എം എന്ന് വിളിക്കാൻ കരുണാകരൻ തയ്യാറായില്ല. പകരം പി.വി എന്ന പഴയ വിളി തുടർന്നു. ഇതിൽ റാവുവിന് കടുത്ത അസ്വസ്ഥതയുണ്ടായിരുന്നു. ഫ്രഞ്ച് ചാരക്കേസും ഹവാലാ വിവാദവും പുസ്‌തകത്തിൽ വിശദമായുണ്ട്.

 

അതേസമയം, കെ.വി തോമസിന്‍റെ പുതിയ പുസ്‌തകത്തിലെ കെ.കരുണാകരനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പത്മജാ വേണുഗോപാല്‍.  കെ.വി. തോമസ് മനഃസാക്ഷിയില്ലാത്ത മനുഷ്യനാണ്. കെ.കരുണാകരനെ പറയാന്‍ കെ.വി.തോമസ് അര്‍ഹനല്ലെന്നും കെ.വി.തോമസിന്റെ ചരിത്രം വിളിച്ചുപറയേണ്ടി വരുമെന്നും പത്മജ വേണുഗോപാല്‍ പറ​ഞ്ഞു.

ENGLISH SUMMARY:

Senior Congress leader K.V. Thomas has sparked controversy with revelations in his new book, claiming that the rift between K. Karunakaran and Sonia Gandhi began over Padmaja Venugopal’s candidature. The book also discusses Sonia Gandhi’s opposition to K. Muraleedharan’s appointment as KPCC president and Karunakaran’s strained equation with P.V. Narasimha Rao. Padmaja Venugopal has strongly reacted against the remarks, escalating the political controversy in Kerala.