വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യക്തിപൂജയെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊള്ളില്ല. തോല്‍വിയില്‍ ഭീരുക്കളെപ്പോലെ നിലവിളിക്കാന്‍ പാടില്ല. കാരണം കണ്ടെത്തും, തിരുത്തും. പ്രസ്ഥാനമാണ് ഭാവി. തിരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പായി കരുതുന്നു. പിഴവുകൾ തിരുത്തി തിരിച്ചുവന്നേ മതിയാകൂ.
ചരിത്രത്തിൽനിന്ന് പാർട്ടി പഠിച്ച പാഠമാണത്. താൻമാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞതുകൊണ്ട് കാര്യമില്ല . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി അതല്ല . പാർട്ടിയിൽ നേതൃമാറ്റ ആവശ്യം ഉയർന്നിട്ടില്ല. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. സിപിഎം പറയുന്നത് സാങ്കേതിക കാരണങ്ങളാണ്. സാങ്കേതികത്വങ്ങൾ പലതും മാറേണ്ടത് മാറണമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോടു പറഞ്ഞു.
Also Read: എന്തുകൊണ്ട് തോറ്റു? കാരണങ്ങളെച്ചൊല്ലി ഇടതുമുന്നണി യോഗത്തിൽ ഭിന്നത
അതേസമയം, തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ സിപിഎം പിബി യോഗം ഡൽഹിയിൽ ചേരുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണമോയെന്നും പിബി ചർച്ചചെയ്യും. തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിന് സെക്രട്ടറി പറയും എന്നായിരുന്നു ഇന്ന് പിണറായിയുടെ മറുപടി. കേരളത്തിലെ കനത്ത പരാജയത്തിനുശേഷമുള്ള ആദ്യ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പിണറായി വിജയൻ മനസ്സുതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയവും മുതിര്‍ന്ന നേതാക്കള്‍ വിമതരായതുമുള്‍പ്പെടെ പരാജയത്തിന് കാരണമായോ എന്ന് യോഗം വിലയിരുത്തും. പ്രതിപക്ഷ നേതാവാകുമോ എന്നതിൽ പിണറായി വിജയൻ പി. ബിയെ നിലപാട് അറിയിക്കും.
പിണറായി സ്വയം പിന്മാറാൻ സന്നദ്ധത അറിയിച്ചാൽ മാത്രമേ മറ്റുപേരുകൾ ചർച്ചയാകാൻ സാധ്യതയൊള്ളു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യവും ചർച്ചയായേക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എ.വിജയരാഘവനുമുൾപ്പെടെ രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബംഗാൾ, തമിഴ്നാട് ഫലവും യോഗം വിലയിരുത്തും.
മുഖ്യമന്ത്രിപദം ഒഴിഞ്ഞ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ പിണറായി വിജയൻ കേരള ഹൗസിലെ 204ാം നമ്പർ മുറിയിലാണ് താമസിച്ചത്. കേരള ഹൗസ് വളപ്പിലെ കൊച്ചിൻ പാലസിലെ മുഖ്യമന്ത്രിയുടെ മുറി വേണ്ടെന്ന് അധികൃതരെ നേരത്തെ അറിയിച്ചിരുന്നു.