മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ച കോൺഗ്രസിൽ മുറുകുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥനയുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നാണ് ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രവർത്തകരോട് സതീശൻ അഭ്യർത്ഥിച്ചത്.

'102 സീറ്റുമായി കോൺഗ്രസിന്റെയും യു.ഡി.എഫി ന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു. നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്'

'ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും  ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ്  പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു' എന്നാണ് വിഡി സതീശന്റെ പോസ്റ്റ്.

അതേസമയം വിഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന ആവശ്യവുമായി തിരുവനതപുരം ഉൾപ്പെടെ കേരളത്തിന്റെ വിവിധ ജില്ലകളിൽ പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനങ്ങൾ നടത്തുകയാണ്. വിഡിക്ക് അനുകൂലമായി മുദ്രവാക്യങ്ങൾ പ്രകടനക്കാർ ഉയർത്തുന്നുണ്ട്. വിഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഫ്ലെക്സുകളും ഉയരുന്നുണ്ട്. 

ENGLISH SUMMARY:

VD Satheesan has appealed to Congress workers to avoid factional protests and flex board installations, emphasizing the historic UDF victory. This plea comes amidst internal discussions about the next Chief Minister and public demonstrations supporting VD Satheesan for the role.