യുഡിഎഫ് സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം മുൻ മേയറും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആര്യ രാജേന്ദ്രൻ. നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് ആരെങ്കിലും പറഞ്ഞ് കൊടുക്കെന്ന് ആര്യ രാജേന്ദ്രൻ പരിഹസിച്ചു. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായ സമയത്ത് തന്നെ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസ്സൈൻ, അബ്ദുൽ സലാം എന്നിവരുമായി പരിചയമുണ്ടായിരുന്നെന്നും ആര്യ ആരോപിച്ചു. സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ പാലക്കാട് മണ്ണാർക്കാട് സംഘടിപ്പിച്ച 'യങ്ങ് ഇന്ത്യ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്യ രാജേന്ദ്രൻ.

'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് മുഖ്യമന്ത്രിയോട് ആരെങ്കിലും പറഞ്ഞ് കൊടുക്ക്. സ്വന്തം ഓഫീസിൽ കൂടെ നിർത്തുന്ന ആളുകൾ എംഡിഎംഎയും രാസലഹരിയും ഉപയോഗിക്കുമ്പോൾ ഇവർ അറിഞ്ഞുകൊണ്ടാണോ ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നതെന്ന് സാധാരണക്കാർക്ക് പോലും സംശയം വരും,' ആര്യ രാജേന്ദ്രൻ പറഞ്ഞു. 

പിഎം ശ്രീയിലും പിഎംഎവൈ വിഷയത്തിലും കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും ആര്യ രാജേന്ദ്രൻ വിമർശിച്ചു. അധികാരത്തിൽ വരുന്നതിന് മുൻപ് മുസ്‌ലിം ലീഗ് പറഞ്ഞത് പിഎം ശ്രീ കടലിൽ എറിയുമെന്നാണ്. എന്നാൽ അധികാരത്തിൽ വന്നതിന് ശേഷം വിദ്യാഭ്യാസമന്ത്രി മുസ്‌ലിം ലീഗിൽ നിന്നുള്ള ആളായിരുന്നിട്ടുപോലും പിഎം ശ്രീ അറബിക്കടലിൽ എറിയാത്തത് അറബിക്കടൽ എവിടെയാണെന്ന് അറിയാത്തതുകൊണ്ടാണോയെന്നും ആര്യ രാജേന്ദ്രൻ ചോദിച്ചു. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചവർ അധികാരത്തിലെത്തുമ്പോൾ ജനങ്ങളോട് നീതികാണിക്കണമെന്നും അവർ പറഞ്ഞു. 

പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട വീടിന് മുന്നിൽ എംപ്ലം വെക്കണമെന്ന് പറയുന്നത് ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. പത്ത് വർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ് സർക്കാർ പണിത ഭവനങ്ങളിൽ ഒന്നിൽ പോലും ഇത്തരത്തിലുള്ള സിമ്പലുകൾ ഒന്നും വെച്ചില്ലെന്നും ജനങ്ങളുടെ അഭിമാനത്തെ മാനിക്കുന്ന നേതാവായിരുന്നു അപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയായി ഉണ്ടായിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Arya Rajendran, the former Mayor of Thiruvananthapuram and a state secretariat member of DYFI, has strongly criticized the UDF government, accusing Chief Minister VD Satheesan of being involved with individuals connected to the MDMA case. She also attacked the UDF government's stance on the PM Shri and PMAY schemes, questioning their commitment to public welfare and dignity.