മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗം കെപിസിസിയില്‍ നടക്കുകയാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 63 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നു. എംപിമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ ഒരു വന്‍നിര കെപിസിസി ഓഫീസില്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നു പേരുകള്‍– വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍. ആര് ആരെ പിന്തുണയ്ക്കുമെന്നറിയാതെ ഇന്ദിരാഭവനിലാകെ പിരിമുറുക്കും. 

അപ്പോഴാണ് പാലക്കാട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നടനും സംവിധായകനുമായ രമേഷ് പിഷാരടിയും എത്തുന്നത്. ചിരിക്കാന്‍ വകയുള്ളത് ഒന്നും പറഞ്ഞില്ലെങ്കിലും പിഷാരടിയെ കണ്ടപ്പോള്‍ തന്നെ എല്ലാവരുടെയും ചുണ്ടുകള്‍ വിടര്‍ന്നു. സ്റ്റേജ് ഷോകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ആളെ കാണുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും. പിരിമുറുക്കം നിറഞ്ഞുനിന്ന നിയമസഭാ കക്ഷി യോഗത്തിലും പിഷാരടി തമാശകള്‍ പൊട്ടിച്ചുപോലും. അതില്‍ ഏറ്റവും രസകമായ ഒന്ന് കത്തിനില്‍ക്കുന്ന മുഖ്യമന്ത്രി വിഷയത്തിലും. 

നിയമസഭാ കക്ഷിയോഗം കഴിഞ്ഞ് എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടുന്നതിനിടെ, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ അടുത്തുചെന്ന് രമേഷ് പിഷാരടി പറഞ്ഞു– രമേശ്ജി, അങ്ങയെ പിന്തുണയ്ക്കുന്നവരോട് രമേശ് ചെന്നിത്തല എന്ന് മുഴുവന്‍ പേരും പറയാന്‍ നി‍ര്‍ദേശിക്കണം. അവസാനം ഭൂരിപക്ഷം സാറിനാണെങ്കില്‍ ഞാന്‍ വൈകിട്ട് മുഖ്യമന്ത്രിയാകേണ്ടിവരും. 

ഇതുകേട്ട് ചെന്നിത്തല ഉള്‍പ്പെടെ കൂടിനിന്ന നേതാക്കള്‍ എല്ലാം പൊട്ടിച്ചിരിച്ചു പോലും. ഏതായാലും കോണ്‍ഗ്രസിലെ പിഷാരടി കാലം ചിരി നിറഞ്ഞതാകും. ചിരി ഏതായാലും മികച്ച ഔഷധമാണ്. 

ENGLISH SUMMARY:

Chief Minister selection in Kerala is the focus of intense political discussions and a legislative party meeting is underway at KPCC. The arrival of actor and director Ramesh Pisharody at the meeting brought much-needed laughter and lightheartedness to the tense atmosphere.