തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെ ചൊല്ലി  ഇടതുമുന്നണി യോഗത്തിൽ ഭിന്നത. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിനെ കൈവിട്ടെന്നും ഭൂരിപക്ഷ വോട്ടുകളിൽ ഭിന്നിപ്പുണ്ടായെന്നും വിലയിരുത്തി ഘടകകക്ഷികൾ നിലപാടെടുത്തു. സിപിഐ ഉൾപ്പെടെയുള്ളവരാണ് ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടു പോയത് ഗുരുതര തിരിച്ചടി ഉണ്ടാക്കിയെന്ന വിലയിരുത്തൽ നടത്തിയത്. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും അകന്നുവെന്ന വിമർശനം മുന്നണി യോഗത്തിൽ അംഗീകരിക്കാൻ സിപിഎം തയ്യാറായിട്ടില്ല. 

കേരള കോൺഗ്രസിന്റെ ഉൾപ്പടെ തോൽവി ന്യൂനപക്ഷ വോട്ടുകൾ അകന്നത് കാരണമായിരുന്നു എന്നാണ് ഘടകക്ഷികൾ പറയുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ പറഞ്ഞ വെള്ളാപ്പള്ളിയെ തള്ളി പറയാതിരുന്നത് ആ വിഭാഗം അകലാൻ കാരണമായെന്ന് സിപിഐ മുന്നണി യോഗത്തിൽ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വെള്ളാപ്പള്ളിയുടെ കാര്യത്തിൽ സിപിഎം തിരുത്തലിന് തയ്യാറാകാത്തത് തോൽവിയുടെ ആഴം കൂട്ടി എന്നാണ് ഇടതുമുന്നണി യോഗത്തിൽ വിമർശനം ഉണ്ടായത്. 

എന്നാൽ പിണറായി വിരുദ്ധത തോൽവിക്ക് കാരണമായി എന്നോ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ വരേണ്ടന്നോ ഘടകകക്ഷികൾ ആരും മുന്നണി യോഗത്തിൽ പറഞ്ഞില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നും കുറ്റപ്പെടുത്തലുകൾ താൻ ഏറ്റെടുത്തു കൊള്ളാം എന്നുമായിരുന്നു മുന്നണി യോഗത്തിൽ പിണറായി വിജയന്റെ പ്രതികരണം.

അതേസമയം കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐ കേന്ദ്ര നേതൃ യോഗങ്ങള്‍ ഇന്ന് മുതൽ. ദേശീയ സെക്രട്ടറിയേറ്റ് യോഗവും ദേശീയ എക്‌സിക്യൂട്ടീവും ഇന്ന് ഡൽഹിയിൽ ചേരും. നാളെയും മറ്റന്നാളും ദേശീയ കൗണ്‍സില്‍ യോഗവും നടക്കും. കേരളത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി, രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. പിണറായി വിരുദ്ധ വികാരമാണ് കേരളത്തിലെ തോൽവിക്ക് കാരണമെന്ന് സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ വിലയിരുത്തിയിരുന്നു.  കേന്ദ്ര നേതൃയോഗങ്ങളിലും സമാന അഭിപ്രായം ഉയർന്നേക്കും.  ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലവും യോഗങ്ങളില്‍ അവലോകനം ചെയ്യും. 

Left Front Meeting Exposes Deep Divisions Over Election Defeat:

LDF election defeat reasons were discussed with significant dissent at the Left Front meeting. The coalition partners assessed that minority votes shifted away from the LDF, and there was a split in majority votes, leading to the electoral setback.