Untitled design - 1

തിരഞ്ഞെടുപ്പിലെ പരാജയത്തിന് പല കാരണങ്ങളുണ്ടെന്ന് ഇടത് മുന്നണി യോഗത്തില്‍ പിണറായി വിജയന്‍. ഒരു കാരണം മാത്രമായി പറയാനാകില്ല. ഇടതു വിരുദ്ധ വികാരത്തിന് പല കാരണമുണ്ട് . 

വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാല്‍ തിരിച്ചുവരാന്‍ കഴിയും. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും യോഗത്തില്‍ പിണറായി പറഞ്ഞു. 

സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ല. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായാണ് പിണറായി വിജയന്‍ തോല്‍വിയില്‍ പ്രതികരിക്കുന്നത്. 

 

Also Read: ഏറ്റുമാനൂരിൽ സിപിഎം കോട്ടകൾ തകർന്നു; കർഷകരും തൊഴിലാളികളും കൈവിട്ടു.

 

സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സിപിഎം സെക്രട്ടേറിയറ്റ് നേരത്തെ വിലയിരുത്തിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോളം നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദമായ വിലയിരുത്തല്‍ ഉണ്ടായത്. അടിത്തറ നഷ്ടമായ അവസ്ഥയിൽ ആണ് സിപിഎം  ഉള്ളതെന്ന് നേതൃത്വം മനസിലാക്കണമെന്നാണ് ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. പാർട്ടിക്കുണ്ടായ കനത്ത തോൽവിയിൽ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തിരുത്തലുകൾ പോരെന്നും കാരണം എന്തെന്ന് അന്വേഷിക്കേണ്ടത് കീഴ്ഘടകങ്ങളിൽ നിന്നാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. 

 

അണികളുടെ വികാരം മനസിലാക്കാൻ കഴിയാതെ പോയതാണ് പാർട്ടി നേതൃത്വത്തിന് സംഭവിച്ച പരാജയം എന്നും അതു മനസ്സിലാക്കി മുന്നോട്ടു പോകണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.  വിശദമായി നിലപാട് രേഖപ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി എം.എ.ബേബി ആവശ്യപ്പെട്ടതോടെയാണ് യോഗം രാത്രിയിലും നീണ്ടത്. കണക്കുകള്‍ നിരത്തി തോല്‍വിയെ ലഘൂകരിക്കാന്‍ നേതാക്കള്‍ ശ്രമിക്കരുതെന്നും ജനങ്ങളോട് പറയുമ്പോഴും വീഴ്ച ഉണ്ടായത് പറയണമെന്നും ബേബി ആവശ്യപ്പെട്ടു. താഴേത്തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കുമെന്നും ആഴത്തില്‍ പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്നായിരുന്നു തിരിച്ചടിക്ക് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായിരുന്നില്ല.

 

ENGLISH SUMMARY:

Malayala Manorama Online News reports on Pinarayi Vijayan's statement following the election defeat, attributing it to multiple factors and expressing confidence in a comeback. The LDF meeting analyzed the situation, identifying minority vote consolidation against the Left as a key reason for the setback.