ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സി.പി.എം കോട്ടകളില്‍ വോട്ട് മറിഞ്ഞതിന്‍റെ ആഘാതത്തിലാണ് മന്ത്രിയായിരുന്ന വി.എന്‍.വാസവന്‍. നെല്‍കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായ പാര്‍ട്ടി കുടുംബങ്ങള്‍ സി.പി.എമ്മിനെ കൈവിട്ടതോടെയാണ് വി.എന്‍.വാസവന്‍ ദയനീയമായി പരാജയപ്പെട്ടത്. പാര്‍ട്ടി കോട്ടയെന്ന് സിപിഎം നേതാക്കള്‍ അവകാശപ്പെട്ടിരുന്ന കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകൾ ഇങ്ങനെ മറിച്ചുകുത്തുമെന്ന് വിഎന്‍ വാസവന്‍ ഒരിക്കലും ചിന്തിച്ചില്ല. നെല്‍ക്കര്‍ഷകരും ചെത്തുതൊഴിലാളികളും മറ്റ് തൊഴിലാളി വിഭാഗങ്ങളുമെല്ലാം യുഡിഎഫിന് വോട്ടുകുത്തിയപ്പോള്‍ നാട്ടകം സുരേഷിന് ലഭിച്ച ഭൂരിപക്ഷം 19752. നാട്ടിലെ കളളുഷാപ്പുകളെല്ലാം പൂട്ടി. ചെത്തുതൊഴിലാളികള്‍ക്ക് പണിയില്ലാതെയായി. കാരണം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മാത്രം അടുത്തിടെ എത്ര ബാറുകള്‍ വന്നെന്നാണ് ചോദ്യം.
2021 ല്‍ കുമരകത്ത് 4500 വോട്ടിന്‍റെ ഭൂരിപക്ഷമാണ് വിഎന്‍ വാസവന്‍ നേടിയത്. ഇക്കുറി 201 വോട്ടിന്‍റെ ലീഡ് നാട്ടകം സുരേഷിനാണ് ലഭിച്ചത്. തിരുവാർപ്പിൽ 4773 വോട്ടിനെ മറികടന്ന് 1440 വോട്ട് യുഡിഎഫ് ലീഡ് നേടി. 3510 വോട്ടിന്‍റെ ലീഡ് വാസവന് നല്‍കിയ അയ്മനത്ത് ഇത്തവണ യുഡിഎഫ് ലീഡ് 1032 ആണ്. പാര്‍ട്ടി വോട്ടുകള്‍ മറിഞ്ഞതിന്‍റെ ആഘാതം ചില്ലറയല്ല. സാധാരണപാര്‍ട്ടി പ്രവര്‍ത്തകരെ മറന്നു പ്രവര്‍ത്തിച്ചതിന്‍റെ ഫലമെന്നാണ് ചില നേതാക്കളുടെ സ്വയവിമര്‍ശനം.