കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച അറിയാം. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി. 63 നിയുക്ത എംഎൽഎമാരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട എഐസിസി അവരുടെ പിന്തുണ ആർക്കാണെന്ന് ചോദിച്ചറിഞ്ഞു. നിയമസഭാ കക്ഷിയിൽ 47 പേരുടെ പിന്തുണ കെ.സി.വേണുഗോപാൽ പക്ഷം അവകാശപ്പെട്ടപ്പോൾ, 35 പേരുടെ പിന്തുണ കിട്ടിയെന്ന് സതീശൻ പക്ഷം പറഞ്ഞു. 23 പേർ പിന്തുണച്ചു എന്നാണ് ചെന്നിത്തല പക്ഷത്തിന്റെ അവകാശവാദം.
മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കള്‍ പിടിമുറുക്കിയതോടെയാണ്, നിയമസഭാ കക്ഷിയിലെ തലയണ്ണെൽ നിർണായകമായത്. കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് മൂന്ന് പേരെയും അനുകൂലിക്കുന്നവർ എത്തിയത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും മാത്രമുണ്ടായിരുന്ന മുറിയിൽ ഓരോ എംഎൽഎയും അവരുടെ മനസ്സിലുള്ള പേര് പറഞ്ഞു. യോഗം അവസാനിച്ചപ്പോൾ മൂന്നു പക്ഷങ്ങളും അവർക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകളുമായി രംഗത്തെത്തി.
47 പേരുടെ പിന്തുണ ലഭിച്ചതാണ് കെസി പക്ഷത്തിന്റെ അവകാശവാദം. ചെന്നിത്തലയ്ക്ക് 9 പേരുടെയും സതീശന് എട്ടുപേരുടെയും പിന്തുണ മാത്രമാണുള്ളതെന്നും അവര്‍ അവകാശപ്പെട്ടു. അതേസമയം കേവല ഭൂരിപക്ഷം കണ്ട് 35 പേരുടെ പിന്തുണ കിട്ടിയെന്ന് വി.ഡി.സതീശൻ പക്ഷവും അവകാശവാദവുമായി രംഗത്തെത്തി. രമേശ് ചെന്നിത്തല വിഭാഗം മറ്റൊരു കണക്കുമായി പിന്നാലെ വന്നു. അതനുസരിച്ച് കെസിയെ 25 പേരും, ചെന്നിത്തലയെ 23 പേരും, വീഡിയെ 8 പേരും അനുകൂലിച്ചെന്നും, 7 പേര്‍ നിഷ്പക്ഷരായി നിലകൊണ്ടു എന്നുമാണ് പറയുന്നത്. ഏതായാലും ഞായറാഴ്ച മുഖ്യമന്ത്രിയെ അറിയാമെന്ന് കെ.മുരളീധരൻ വ്യക്തമാക്കി.നാളെ തന്നെ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്ന് നിരീക്ഷകർ വ്യക്തമാക്കി. കസേരകളിയിൽ വിജയിയെ തീരുമാനിക്കുന്ന അന്തിമ വിസിൽ ഊതുക ഹൈക്കമാൻഡ് ആണ്.
അതേസമയം മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ യുഡിഫ് ഘടകകക്ഷികള്‍ വി.ഡി.സതീശനൊപ്പമാണ്. സതീശനൊപ്പമാണ് ജനവികാരമെന്ന് മുസ്ലിം ലീഗ് എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ചു. സതീശനൊപ്പമാണ് കേരള കോണ്‍ഗ്രസെന്ന് നിരീക്ഷകരെ അറിയിച്ച് പുറത്തിറങ്ങിയ പി.ജെ.ജോസഫ് നിലവിലുളള എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ആര്‍എസ്‌പി ഒരു പേരും പറഞ്ഞില്ലെങ്കിലും സതീശനോട് തന്നയാണ് താല്പര്യമെന്ന സൂചന നല്കി. മറ്റ് ഘടകക്ഷികളും വിഡി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.