ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ ആരോഗ്യമന്ത്രിയെ വീഴ്ത്തിയ പോരാട്ട വിര്യം. വരത്തനാണെന്ന് വിമര്‍ശിച്ച വമ്പന്‍മാര്‍ക്ക് അബിന്‍റെ വര്‍ക്കാണ് വര്‍ക്കെന്ന് ജനം ബാലറ്റിലൂടെ മറുപടി നല്‍കി. വീണാ ജോര്‍ജിനെ 18,985 വോട്ടുകള്‍ക്ക് അട്ടിമറിച്ച്  അബിന്‍ വര്‍ക്കി നിയമസഭയിലേക്ക്. ആറന്മുളയെ ഇനി അയാള്‍ നയിക്കും. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ അബിന്‍ വര്‍ക്കിക്ക് ഇത് കന്നിയങ്കം. തെരുവിലും ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടിക്കുവോണ്ടി പ്രതിരോധത്തിനിറങ്ങിയ വര്‍ക്കിയെ തന്നെ ആറന്മമുള തിരിച്ചു പിടിക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് ഏല്‍പ്പിച്ചു. സീറ്റ് നിലനിർത്താൻ വീണാ ജോർജും, മണ്ഡലത്തിൽ കളം പിടിക്കാൻ കുമ്മനം രാജശേഖരനും എത്തിയതോടെ ത്രികോണ മത്സരത്തിനാണ് ഇത്തവണ ആറന്മുള സാക്ഷിയായത്. ചാനൽ ചർച്ചകളിലെ കോൺഗ്രസിന്‍റെ മൂർച്ചയുള്ള മുഖം ആറന്മുളക്കാർക്ക് പരിചിതമായിരുന്നു. തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങിയ ആദ്യ ദിനം തന്നെ അബിന്‍ ആറന്മുളക്കാരനായി. 

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സമരങ്ങളിലെ പ്രധാന മുഖമാണ് അബിന്‍ വര്‍ക്കി. സർക്കാരിന്‍റെ വീഴ്ചകൾക്കെതിരെ തെരുവിൽ നടത്തിയ പോരാട്ടങ്ങളിലൂടെ കേരളം അയാളെ അറിഞ്ഞു. പിന്നീട് പാര്‍ട്ടിയുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ചാനല്‍ ചര്‍ച്ചകളിലൂടെ പരിചിതനായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിലെ ലാത്തിച്ചാർജിൽ തലയ്ക്ക് മാരകമായി പരുക്കേറ്റിട്ടും തളരാത്ത അബിന്‍റെ  പോരാട്ടവീര്യം ആറന്മുളക്കാര്‍ ഏറ്റെടുത്തു. 

പത്തനംതിട്ട പ്രസ് ക്ലബ്ബിലെ മുഖാമുഖം സംവാദത്തില്‍ ആരോഗ്യ മന്ത്രിയെ 'കത്രികപ്പൂട്ടിട്ട്' പൂട്ടിയത് വോട്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയായി. സ്ഥാനാർഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിലുണ്ടായ ചെറിയ എതിർപ്പുകളെപ്പോലും തന്‍റെ പ്രകടനം കൊണ്ട് നിശബ്ദമാക്കാൻ അബിന്‍ വര്‍ക്കിക്ക് സാധിച്ചു. പോസ്റ്റൽ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോൾ തന്നെ അബിൻ വർക്കി ലീഡ് ഉറപ്പിച്ചു. ഒരു റൗണ്ടിൽ പോലും പിന്നീട് മുൻപിലെത്താൻ മന്ത്രിയ്ക്കു കഴിഞ്ഞില്ല. ഒരു പഞ്ചായത്തിൽ പോലും ലീഡ് നിലനിർത്താനും കഴിഞ്ഞില്ല. അങ്ങനെ, ചരിത്രവും വിശ്വാസവും ഇഴചേർന്ന ആറന്മുളയുടെ മണ്ണിൽ അട്ടിമറി വിജയം നേടി അബിൻ വർക്കി നിയമസഭയിലേക്ക്.

 

ENGLISH SUMMARY:

Abin Varkey has achieved a significant victory in Aranmula, defeating the incumbent Health Minister Veena George by a substantial margin. This win marks a major upset in the Kerala assembly elections and signifies the electorate's endorsement of Abin Varkey's performance and campaign.