പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വേണ്ടെന്നും പുതുമുഖങ്ങള്‍ വരട്ടെയെന്നും സി.പി.ഐ നേതൃയോഗം. പിണറായി വിരുദ്ധവികാരം തോല്‍വിക്ക് കാരണമായെന്നും നേതൃയോഗത്തില്‍ വിലയിരുത്തല്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് ആരെന്നതില്‍ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ള തീരുമാനം വേണമെന്നും എല്ലാ പാർട്ടികളും തിരുത്തൽ നടത്തണം സിപിഐ നേതാവ് സന്തോഷ്കുമാർ പറഞ്ഞു. ഇടതുമുന്നണി കൂട്ടായും തിരുത്തൽ നടത്തിയാലേ മുന്നോട്ടു പോകാനാകൂ എന്നും സന്തോഷ്കുമാർ അഭിപ്രായപ്പെട്ടു.
അതേസമയം, വാര്‍ത്തകള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പ്രതിപക്ഷനേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിന്‍റേതാണ്, അതില്‍ ഇടപെടാന്‍ സിപിഐക്ക് താല്‍പര്യമില്ലെന്നും ബിനോയ് പറഞ്ഞു. ഈ വിഷയത്തിൽ മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ബിനോയ് വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.
ഇടതുമുന്നണിയെ നിയമസഭയിൽ പിണറായി വിജയന്‍ തന്നെ നയിക്കണമെന്നാണ് സിപിഎമ്മില്‍ ഭൂരിപക്ഷം നേതാക്കൾക്കും അഭിപ്രായം. കെ.എൻ.ബാലഗോപാൽ പ്രതിപക്ഷനേതാവ് ആകാനുള്ള സാധ്യത നിലനിൽക്കുമ്പോഴും പാർട്ടിയിൽ ഭൂരിപക്ഷത്തിനും താല്‍പര്യം പിണറായിയാണ്. ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി വിജയൻ തന്നെ വേണമെന്നും അതുമാത്രമാണ് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനുള്ള മാർഗ്ഗമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. അങ്ങിനെയെങ്കില്‍ കനത്ത പരാജയത്തിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കാനുള്ള പിണറായിയുടെ നീക്കങ്ങൾക്ക് പാർട്ടിയിൽ പിന്തുണ ഉണ്ടാവില്ല.