മുഖ്യമന്ത്രിയെ തീരുമാനിക്കാൻ, എംഎൽഎമാരുടെ മനസ്സറിയാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ തിരുവനന്തപുരത്ത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തും. ജനവിധി വന്ന് രണ്ടാം ദിവസമാണ് നായകനെ നിശ്ചയിക്കാനുള്ള ചർച്ചകൾക്കായി നിരീക്ഷകർ കേരളത്തിൽ എത്തുന്നത്.

എംഎല്‍എമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. എംഎൽഎമാരുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യമെങ്കിലും, കെപിസിസി മുൻ അധ്യക്ഷൻമാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും കേൾക്കും. നിരീക്ഷകർക്ക് മുമ്പിൽ മനസ്സുതുറക്കാൻ പല മുതിർന്ന നേതാക്കളും തിരുവനന്തപുരത്ത്  ക്യാമ്പ് ചെയ്യുകയാണ്. അതേസമയം ആദ്യമായി എംഎല്‍എമാരാകുന്നതില്‍ പലരും നിരീക്ഷകര്‍ക്ക് മുന്നില്‍ എന്ത് പറയണം എന്ന ആശയക്കുഴപ്പത്തിലുമാണ്.

നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പരിഗണിക്കണം എന്ന കടുത്ത നിലപാടിലാണ് കെ.സി പക്ഷം. 63 ൽ 50 എംഎൽഎമാരുടെ പിന്തുണ കിട്ടുമെന്നും അവർ അവകാശപ്പെടുന്നുണ്ട്. അതേസമയം, എംപി ആണെന്നതും മുഖ്യമന്ത്രിയായാൽ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടിവരുമെന്നതുമാണ് കെസിക്കുള്ള പ്രതികൂല ഘടകം.

എന്നാല്‍ ഘടകകക്ഷികളുടെ അഭിപ്രായവും പൊതുവികാരവും കണക്കിലെടുക്കണമെന്ന് നിലപാടിലാണ് വി.ഡിപക്ഷം. അപ്പോഴും നിയമസഭ കക്ഷിയില്‍  ഭൂരിപക്ഷമില്ലാത്തത് വെല്ലുവിളിയാണ്. ഇതിനിടെ കേരളചരിത്രത്തില്‍ തന്റെ സിഗ്നേച്ചര്‍ രേഖപ്പെടുത്തിയെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. യു.ഡി.എഫിന് വന്‍ ജയം നേടാനായതില്‍ തന്റെ സിഗ്നേച്ചര്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി നടപടിക്രമം നടക്കുമെന്നും സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പറവൂരില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നടത്തിയ വാഹനപര്യടനത്തിനിടെയായിരുന്നു പ്രതികരണം.

25 എംഎൽഎമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്. 2021 ൽ പ്രതിപക്ഷ നേതൃപദത്തിലേക്ക് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും മാറ്റിനിർത്തപ്പെട്ടു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുപിന്തുണ ഇല്ലാത്തത് രമേശിനും തിരിച്ചടിയാകും. ഇതിനിടെ മഹാരാഷ്ട്രയിലെ പുന:സംഘടന ചർച്ചകള്‍ക്ക് ഡൽഹിയിൽ എത്തിയ  ചെന്നിത്തല, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ഗാന്ധിയെയും കണ്ട് മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്.

Kerala CM Selection:

The Congress party is set to hold a crucial Parliamentary Party meeting in Thiruvananthapuram tomorrow to decide on Kerala's next Chief Minister. AICC observers Mukul Wasnik and Ajay Maken will arrive to collect individual opinions from the 63 newly elected MLAs and key UDF allies. While K.C. Venugopal claims the support of nearly 50 MLAs, his status as a sitting MP and the prospect of two by-elections remain significant hurdles. V.D. Satheesan, credited for the UDF's historic win, relies on public sentiment and his performance as Opposition Leader, despite lacking a majority within the legislative group. Meanwhile, Ramesh Chennithala has taken his claim to the high command in Delhi, citing his seniority and the support of 25 MLAs. Many first-time MLAs find themselves in a dilemma as intense lobbying continues ahead of the observers' visit. The final decision, however, will rest with the Congress High Command after reviewing the observers' report.