അധികാരമേല്‍ക്കുന്ന യുഡിഎഫ് മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അഞ്ചുമന്ത്രിമാര്‍.പി.കെ.കുഞ്ഞാലിക്കുട്ടി, പി.െക.ബഷീര്‍, എന്‍.ഷംസുദീന്‍ കെ.എം.ഷാജി, മഞ്ഞളാംകുഴി അലി എന്നിവരാണ് പരിഗണനയില്‍. ആബിദ് ഹുസൈന്‍ തങ്ങളും പാറയ്ക്കല്‍ അബ്ദുല്ലയും പട്ടികയില്‍ ഉണ്ട്. 

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും ലീഗിന് അര്‍ഹതപ്പെട്ടത് കോണ്‍ഗ്രസിന് അറിയാമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ മനോരമന്യൂസിനോട് പറഞ്ഞു. രണ്ടുമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന കേരളാ കോണ്‍ഗ്രസിന് ഒന്നില്‍ ഒതുക്കാനാണ് നീക്കം. അതേസമയം, ഒരു എം.എല്‍.എ മാത്രമുള്ള കക്ഷികളെ രണ്ടരവര്‍ഷം വീതം മന്ത്രിയാക്കാനും ആലോചനകളുണ്ട്. 

മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്ക് സമാന്തരമായിട്ടാണ് മന്ത്രിസഭയിലെ പ്രാതിനിധ്യവും വകുപ്പുകളും സംബന്ധിച്ച ആലോചനകളും സജീവമായിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്തുണ്ടായിരുന്നതു പോലെ ലീഗിന് അഞ്ചുമന്ത്രിസ്ഥാനങ്ങള്‍ കിട്ടുമെന്നാണ് വിവരം. വ്യവസായം ഉള്‍പ്പെടെ വകുപ്പുകളും ലഭിച്ചേക്കും. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച സാദിഖലി തങ്ങളുടെ വാക്കുകള്‍ കോണ്‍ഗ്രസ് ആശ്വാസം പകരുന്നതായി. 

മത്സരിച്ച എട്ടില്‍ ഏഴിലും വിജയിച്ച കേരളാ കോണ്‍ഗ്രസ് രണ്ടുമന്ത്രിസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മികച്ച വകുപ്പ് നല്‍കി ഒന്നില്‍ ഒതുക്കാനാണ് കോണ്‍ഗ്രസിന്റെ പ്ളാന്‍. 

ആര്‍.എസ്.പിക്ക് കിട്ടുന്ന മന്ത്രിസ്ഥാനത്തില്‍ ഷിബു ബേബി ജോണ്‍ തന്നെയാകും മന്ത്രി. 

കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ അനൂപ് ജേക്കബിന് മുഴുവന്‍ ടേം നല്‍കേണ്ടിവന്നാല്‍ സി.എം.പിയുടെ സി.പി.ജോണിനും മാണി സി.കാപ്പനും രണ്ടരവര്‍ഷം വീണ്ടും മന്ത്രിസ്ഥാനം നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്. കോണ്‍ഗ്രസിന്റെ അംഗബലം 60 കടന്നതിനാല്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരെയെങ്കിലും ഉള്‍പ്പെടുത്താനാണ് ശ്രമം. 

 

ENGLISH SUMMARY:

UDF Ministry formation in Kerala is underway with Muslim League set to secure five ministerial berths. Discussions are active regarding cabinet representation and portfolios, with key leaders like PK Kunhalikutty and Panakkad Sadiq Ali Thangal being considered for ministerial roles.