sunny-joseph-2

മന്ത്രിസഭാ രൂപീകരണം വലിയ പ്രശ്നമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒറ്റപ്പേരിലേക്കെത്തും, അത് എല്ലാവരും അംഗീകരിക്കും. ചില വിജയങ്ങള്‍ പ്രതീക്ഷയ്ക്കപ്പുറത്തുണ്ടായി. ഏറ്റവും വലിയ വിജയം പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണന്റേതാണെന്നും അക്രമ-ഏകാധിപത്യ രാഷ്ട്രീയത്തിനെതിരായ വിജയമാണെന്നും സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

 

അഴിമതി ചൂണ്ടിക്കാട്ടിയ വ്യക്തിയെ പുറത്താക്കി കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ്  സിപിഎം സ്വീകരിച്ചതെന്നും ഇതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വരെ ജാമ്യം നിഷേധിച്ച പ്രതികൾക്ക് പാർട്ടി തലത്തിലും സർക്കാർ തലത്തിലും സംരക്ഷണം ഒരുക്കിയെന്നും അദ്ദേഹം ആരോപിച്ചു. കുറ്റപത്രം പോലും കൃത്യമായി നൽകാതെ പ്രതികളെ സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഒരു വശത്ത് കുറ്റവാളികളെ സംരക്ഷിക്കുകയും മറുവശത്ത് അഴിമതി ചൂണ്ടിക്കാട്ടുന്നവരെ ക്രൂശിക്കുകയും ചെയ്യുന്നതാണ് പാർട്ടിയുടെ രീതിയെന്നും സണ്ണി ജോസഫ് ആരോപിച്ചു.

 

 പയ്യന്നൂരിലെ  സ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണന്‍ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പോകുമ്പോൾ  പോലീസുകാർക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഐഡി കാര്‍ഡ് പരിശോധിച്ചാണ് അദ്ദേഹത്തെ അകത്ത് കയറ്റിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം  അദ്ദേഹം പുറത്തിറങ്ങിയത് പയ്യന്നൂരിന്‍റെ എംഎല്‍എയായാണ്.

 രാഷ്ട്രീയ എതിരാളികളെ ആസൂത്രിതമായി കൊലപ്പെടുത്തുന്ന സമീപനത്തിനെതിരെയുള്ള വിധിയെഴുത്തുകൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.  പരാജയത്തെക്കുറിച്ച് ,ഇടത് നേതതൃത്വവും അണികളും  വിശകലനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

KPCC President Sunny Joseph said the Congress-led alliance will soon arrive at a consensus candidate for Kerala Chief Minister and that the decision will be accepted by all. He described the victory of UDF-backed independent candidate V. Kunjikrishnan in Payyanur as one of the biggest and most unexpected wins of the election. Sunny Joseph also accused the CPM of protecting corruption accused while targeting whistleblowers and said the election verdict was a strong public response against authoritarian and violent politics in Kerala.