85327 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി ജയിച്ചത്. പോള്‍ ചെയ്തതില്‍ 66.86 ശതമാനം വോട്ടാണിത്. അതായത് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിന് ജയിക്കുന്ന സ്ഥാനാര്‍ഥി എന്ന റെക്കോര്‍ഡ് ഇനി കുഞ്ഞിലാക്കുട്ടിക്ക് സ്വന്തം. യുഡിഎഫിന്‍റെ ചരിത്ര വിജയത്തിന് കൂടുതല്‍ മധുരം പകരുന്നതായിരുന്നു ‘കുഞ്ഞാപ്പ’യുടെ ഈ റെക്കോര്‍ഡ്.
കുഞ്ഞാലിക്കുട്ടിയുടെ വിജയം കാണാന്‍ അനുയായികള്‍ മാത്രമല്ല ഭാര്യയും മക്കളും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മലപ്പുറം നഗരത്തിന്റെ ഒരു ഭാഗത്ത് അവര്‍ കാത്തുനിന്നു. വിജയാഹ്ലാദത്തിന്‍റെ ദൃശ്യങ്ങൾ തൽസമയം വിദേശത്തുള്ള ബന്ധുക്കളെ കാണിക്കുന്ന തിരക്കിലായിരുന്നു മകൾ ലസിത. വളരെ സന്തോഷമെന്നും ചരിത്ര മുഹൂർത്തമാണെന്നും കുഞ്ഞാലിക്കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
‘പ്രവര്‍ത്തരെല്ലാം വളരെ സന്തോഷത്തിലാണ്. ഈ ആഘോഷം കാണുമ്പോള്‍ ഭയങ്കര സന്തോഷം. ഞങ്ങൾ ചെറുപ്പത്തിൽ തൊട്ടേ ഇത് കണ്ടിട്ടാണ് വളർന്നത്. പണ്ട് തൊട്ടേ ഇങ്ങനെയാണ്. മലപ്പുറമായിട്ട് അത്രയും അടുത്ത ബന്ധമാണുള്ളത്. ഞാൻ ചെറുതായിരുന്നപ്പോൾ ഉപ്പ മുനിസിപ്പാലിറ്റി ചെയർമാൻ ആയിരുന്നു. അല്ലാഹുവിന് നന്ദി’– കുഞ്ഞാലിക്കുട്ടിയുടെ മകള്‍ പറഞ്ഞു. ഉജ്ജ്വല ജയമാണെന്നും ഇത്രയും വലിയ വിജയ പ്രതീക്ഷിച്ചില്ലെന്നും കുഞാലിക്കുട്ടിയുടെ മകളുടെ ഭര്‍ത്താവും പ്രതികരിച്ചു. ‘വളരെയധികം സന്തോഷമുണ്ട്. ഉജ്വല ജയമാണ്. കേരളത്തിന് വേണ്ടി അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതിന്‍റെ മാക്സിമം ചെയ്യാന്‍ പറ്റുമല്ലോ. ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്ര വലിയ ജയം പ്രതീക്ഷിച്ചിരുന്നില്ല’– മകളുടെ ഭര്‍ത്താവ് പറഞ്ഞു.
ആകെ 131632 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. 85327 ഭൂരിപക്ഷം ലഭിച്ചതോടെ 60963 വോട്ടിന് മട്ടന്നൂരില്‍ ജയിച്ച കെ.കെ ശൈലജയുടെ റെക്കോര്‍ഡാണ് കുഞ്ഞാലിക്കുട്ടി തകര്‍ത്തത്. മാത്രമല്ല, ജനവിധി തേടിയ 27 മണ്ഡലങ്ങളിൽ 22 ഇടത്തും മുസ്‌ലീഗ് ജയിക്കുകയും ചെയ്തു. പേരാമ്പ്രയിലെ ഫാത്തിമ തഹ്ലിയയിലൂടെ ആദ്യമായൊരു വനിതയെ നിയമസഭയിലെത്തിച്ചു. തിരൂരങ്ങാടിയില്‍ ജയിച്ച പി.എം.എ.സമീര്‍, മഞ്ചേരിയില്‍ ജയിച്ച എം.റഹ്മത്തുല്ല, കോട്ടയ്ക്കലില്‍ ജയിച്ച ആബിദ് ഹുസൈന്‍ തങ്ങള്‍, കൊണ്ടോട്ടിയിലെ ടി.പി. അഷറഫഴി എന്നിവരാണ് ഭൂരിപക്ഷത്തില്‍ മുന്നിലുള്ള ലീഗിന്‍റെ എംഎല്‍എമാര്‍.