തകര്‍പ്പന്‍ വിജയമായി. ഇനി വേണ്ടത് മുഖ്യമന്ത്രിയെയാണ്. എംഎല്‍എമാരില്‍ നിന്നൊരാളെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുമോ? അതോ മറ്റാരെങ്കിലും ആ പദവിയിലേക്ക് വരുമോ? മുഖ്യമന്ത്രിമാരെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്‍റേതായ രീതി ഉണ്ടെന്ന വര്‍ത്തമാനമാണ് എങ്ങും കേള്‍ക്കാനുള്ളത്. ആ രീതിയനുസരിച്ച് എംഎല്‍എ അല്ലാത്തയാളെ രണ്ടു തവണ ആ പദവിയിലേക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുത്തിട്ടുണ്ട്. ആ ചരിത്രത്തിലേക്ക്...
1977. കരുണാകരന് പകരം ആന്‍റണി
1977 മാര്‍ച്ച് 25ന് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത കെ.കരുണാകരന് 33 ദിവസത്തിനു ശേഷം രാജിവക്കേണ്ടി വന്നു. രാജന്‍ കേസായിരുന്നു കാരണം. രാജന്‍റെ അച്ഛന്‍ ഈച്ചരവാരിയര്‍ നല്‍കിയ ഹേബിയസ് കോര്‍പസില്‍ ഹൈക്കോടതിയില്‍ നിന്ന് വന്ന പ്രതികൂല പരാമര്‍ശങ്ങളെ തുടര്‍ന്ന് കരുണാകരന്‍ രാജിവച്ചു. കരുണാകരന്‍റെ പിന്‍ഗാമിയെ തേടിയുള്ള അന്വേഷണം അവസാനിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്‍റെ എതിര്‍പക്ഷക്കാരനായ എ.കെ.ആന്‍റണിയിലാണ്. എംഎല്‍എ അല്ലാത്തൊരാള്‍ മുഖ്യമന്ത്രിയാകുന്നത് കേരളത്തിലെ കോണ്‍ഗ്രസില്‍ അന്നാദ്യമാണ്. സിപിഐ നേതാവ് എം.എന്‍.ഗോവിന്ദന്‍ നായരാണ് എ.കെ.ആന്‍ണി മുഖ്യമന്ത്രിയാകുക എന്ന ആശയം ആദ്യം അവതരിപ്പിച്ചത്. കെപിസിസി പ്രസിഡന്‍റായിരുന്നു അന്ന് ആന്‍റണി. അക്കാരണം കൊണ്ട് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. വേറെയും മൂന്ന് പേരുകള്‍ അന്ന് ചര്‍ച്ചകളില്‍ വന്നു. എസ്. വരദരാജന്‍ നായര്‍, എന്‍.ഐ.ദേവസിക്കുട്ടി, കെ.ജി.അടിയോടി.
തീരുമാനമെടുക്കാന്‍ സി. സുബ്രഹ്മണ്യത്തെ ഹൈക്കമാന്‍ഡ് നിയമിച്ചു. സുബ്രഹ്മണ്യം എംഎല്‍എമാരെക്കണ്ട ശേഷം ആന്‍റണിയെന്ന ഒറ്റപ്പേരിലേക്കെത്തി. ആന്‍റണിക്ക് അന്ന് പ്രായം 37 വയസ്സ്. അവിവാഹിതന്‍. സ്ഥാനങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ നിര്‍ബന്ധിക്കുന്ന പാര്‍ട്ടിയില്‍ നേരേ തിരിച്ച്, സ്ഥാനം ഏറ്റെടുക്കാന്‍ ആന്‍റണിയെ നിര്‍ബന്ധിക്കേണ്ടി വന്നു. സ്ഥാനം ഏറ്റെടുക്കാന്‍ ആന്‍റണിയോട് അഭ്യര്‍ഥിക്കുകയായിരുന്നോ അതോ കല്‍പ്പിക്കുകയായിരുന്നോ എന്ന് മാധ്യമങ്ങള്‍ സുബ്രഹ്മണ്യത്തോട് ചോദിച്ചു. നടപ്പാക്കുന്ന പക്ഷം അഭ്യര്‍ഥനയും അല്ലെങ്കില്‍ കല്‍പ്പനയും എന്ന നിലയിലാണ് പറഞ്ഞതെന്ന് അദ്ദേഹം മറുപടി നല്‍കി. അങ്ങനെ മുഖ്യമന്ത്രിയായി ആന്‍റണി സ്ഥാനമേറ്റു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി.
എംഎല്‍എ അല്ലാത്തയാള്‍ മുഖ്യമന്ത്രിയോ മന്ത്രിയോ ആയാല്‍ ആറുമാസത്തിനകം ജയിച്ച് സഭയിലെത്തേണ്ടതുണ്ട്. കഴക്കൂട്ടത്ത് തലേക്കുന്നില്‍ ബഷീര്‍ രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കി. ആന്‍റണി ജയിച്ച് നിയമസഭാംഗവുമായി. പക്ഷേ ഒന്നര വര്‍ഷമേ ആന്‍റണി ഭരിച്ചുള്ളു. ഇതിനിടെ ദേശീയ തലത്തില്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിര വിരുദ്ധ പക്ഷത്തായി ആന്‍റണി. തന്‍റെ പക്ഷം, കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഇന്ദിരാ ഗാന്ധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ അധാര്‍മികതയായി ആന്‍റണി വിലയിരുത്തി. അധര്‍മം കണ്ടാല്‍ രാജിവക്കുക. അതാണ് ആന്‍റണിയുടെ ശീലം. ആരോടും ആലോചിക്കാതെ രാജിവച്ചു. 1978 ഒക്ടോബര്‍ 26ന്.
വീണ്ടും എംഎല്‍എ അല്ലാത്ത ആന്‍റണി
എംഎല്‍എ അല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി എ.കെ.ആന്‍റണി എത്തി. 1995 ല്‍. ഇത്തവണയും കെ.കരുണാകരന്‍റെ സ്ഥാനമാറ്റത്തെത്തുടര്‍ന്ന്. 1991 ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രിയായ കെ.കരുണാകരന് പാര്‍ട്ടിക്കുള്ളിലെ കലാപങ്ങള്‍ക്കും ചാരക്കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കുമൊടുവില്‍ രാജിവയ്ക്കേണ്ടി വന്നു. 1994 സെപ്തംബര്‍ 22ന് കരുണാകരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് 20 എ ഗ്രൂപ്പ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയായിരുന്നു ആദ്യ ഒപ്പുകാരന്‍. ഹൈക്കമാന്‍ഡ് സമ്മര്‍ദം കൂടിയായപ്പോള്‍ കെ.കരുണാകരന്‍ രാജിവച്ചു.
അന്ന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു എ.കെ.ആന്‍റണി. നരസിംഹ റാവു മന്ത്രിസഭയില്‍ അംഗമായിരുന്നു. പിന്നീട് രാജിവച്ചെങ്കിലും ഡല്‍ഹിയില്‍ തുടര്‍ന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച കരുണാകരനെ രാജ്യസഭാംഗമാക്കി കേന്ദ്രമന്ദ്രി സ്ഥാനം നല്‍കി പുനരധിവസിപ്പിക്കാനായിരുന്നു റാവുവിന്‍റെ പാക്കേജ്. വ്യോമസേനയുടെ പ്രത്യേക വിമാനമായ രാജഹംസയില്‍ ആന്‍റണി മുഖ്യമന്ത്രിയാകാന്‍ എത്തി. തീരുമാനമൊക്കെ നേരത്തേ എടുത്തതാണെങ്കിലും നടപടിക്രമങ്ങള്‍ക്ക് കുറവൊന്നുമുണ്ടായില്ല.
ലീഡര്‍ കൊടുത്ത പണി
ജി.കെ.മൂപ്പനാരും മാധവ് സിങ് സോളങ്കിയും കേന്ദ്ര നിരീക്ഷകരായെത്തി. 56 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും ആന്‍റണിക്കൊപ്പമായിരുന്നു. ഇന്ദിരാഭവനില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ കരുണാകരന്‍ ആന്‍റണിയുടെ പേര് നിര്‍ദേശിച്ചു. സി.വി.പത്മരാജന്‍ പിന്താങ്ങി. എല്ലാരും കൈയടിച്ചു. പരിപാടി അവസാനിച്ചു. പക്ഷേ ഇതിനു ശേഷമാണ് നാടകമാരംഭിച്ചത്. കരുണാകരന്‍ യോഗത്തില്‍ പ്രസംഗിച്ചത് – ഞാന്‍ രാജിവച്ച ഒഴിവില്‍ എ.കെ.ആന്‍റണിയെ നിര്‍ദേശിക്കുന്നു എന്നാണ്. കെപിസിസി ഓഫിസില്‍ നിന്ന് കൊടുത്ത കത്തില്‍ മുഖ്യമന്ത്രിയായി എ.കെ.ആന്‍റണിയെ തിരഞ്ഞെടുത്തു എന്നാണുണ്ടായിരുന്നത്. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു എന്ന കത്ത് കൊടുത്താലേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കൂ എന്ന് രാജ്ഭവന്‍ അറിയിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ക്കാണ് അവകാശം. പാര്‍ലമെന്‍ററി പാര്‍ട്ടിക്കല്ല. അതാണ് അതിന്‍റെ സാങ്കേതികത്വം.
രാജ്ഭവന്‍ ആവശ്യപ്പെട്ട പ്രകാരം കെപിസിസി പ്രസിഡന്‍റ് വയലാര്‍ രവി കത്തു തയാറാക്കി. കരുണാകരന്‍റെ അനുമതി വാങ്ങാന്‍ പോയി. അദ്ദേഹം ഒരു യാത്രയയപ്പ് ചടങ്ങിലാണെന്നറിയിച്ചു. അതുകഴിഞ്ഞ് നീന്താന്‍ പോയി. വയലാര്‍ രവിക്ക് ലീഡറെ ബന്ധപ്പെടാന്‍ പറ്റുന്നില്ല. വിവരം കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. കത്ത് രാജ്ഭവന് കൊടുക്കാന്‍ അവര്‍ നിര്‍ദേശിച്ചു. പക്ഷേ ലീഡറുടെ അനുമതിയില്ലാതെ കത്ത് കൊടുക്കാന്‍ പറ്റില്ലെന്ന് വയലാര്‍ രവി പറഞ്ഞു. ഇതിനിടെ ആന്‍റണി ലീഡറെ കാണാന്‍ അപ്പോയിന്‍റ്മെന്‍റ് ചോദിച്ചു. കിട്ടിയില്ല. നീന്തുകയാണെന്നായിരുന്നു മറുപടി. മൂപ്പനാരും സോളങ്കിയും വയലാര്‍ രവിയുമൊക്കെ ക്ലിഫ് ഹൗസിലെത്തി ലീഡറെ കണ്ട് കാര്യം പറഞ്ഞു. ഒടുവില്‍ ആന്‍റണി ലീഡറെ കണ്ടു. മാര്‍ച്ച് 31 വരെ താന്‍ തന്നെ നിയമസഭാ കക്ഷി നേതാവായി തുടരുമെന്നും അതിന് ശേഷം ഒഴിയാമെന്നും ലീഡര്‍ പറഞ്ഞു. രാജ് ഭവന് കത്തുകൊടുക്കാനാവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ വയലാര്‍ രവിയെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ കേന്ദ്ര നിരീക്ഷകര്‍ക്ക് സഹികെട്ടു. കരുണാകരന്‍ ഗുരുവായൂര്‍ക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനിലേക്ക് പോയി. അവസാനം വയലാര്‍ രവിയും പി.സി.ചാക്കോയും ട്രയിനില്‍ കേറി ലീഡറുടെ അനുമതി വാങ്ങിയാണ് ഗവര്‍ണര്‍ക്ക് കത്തെത്തിച്ചത്. ഇത്തവണയും മുഖ്യമന്ത്രിയാകുമ്പോള്‍ ആന്‍റണി എംഎല്‍എ അല്ല. മുസ്ലിം ലീഗ് കൊടുത്ത തിരൂരങ്ങാടി സീറ്റില്‍ മല്‍സരിച്ച് അദ്ദേഹം എംഎല്‍എയായി.
സിപിഐ നേതാവ് സി.അച്യുതമേനോനാണ് കേരള നിയമസഭാംഗമല്ലാതിരിക്കുമ്പോള്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി. 1967ലെ ഇഎംഎസ് നമ്പൂതിരിയുടെ സപ്തകക്ഷി മന്ത്രിസഭ വീണപ്പോളാണ് അന്ന് രാജ്യസഭാംഗമായിരുന്ന അച്യുതമേനോന്‍ മുഖ്യമന്ത്രിയാകാന്‍ കേരളത്തിലെത്തിയത്. കൊട്ടാരക്കരയില്‍ നിന്ന് ജയിച്ച് അദ്ദേഹം മുഖ്യനായി. 1996ല്‍ മുഖ്യമന്ത്രിയായപ്പോള്‍ സിപിഎം നേതാവ് ഇ.കെ.നായനാരും നിയമസഭാംഗമായിരുന്നില്ല. മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി കരുതിവച്ച വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്ത് അപ്രതീക്ഷിതമായി തോറ്റപ്പോളുണ്ടായ പ്രതിസന്ധിയാണ് ഒടുവില്‍ നായനാരിലെത്തിച്ചത്. വിഎസ് ആണ് അന്ന് എംഎല്‍എ അല്ലാത്ത നായനാരെ പിന്തുണച്ചത്. തലശേരിയില്‍ നിന്ന് ജയിച്ച് നായനാര്‍ സഭയിലെത്തി.
അങ്ങനെ, എംഎല്‍എയല്ലാത്തയാള്‍ മുഖ്യമന്ത്രിയായ ചരിത്രം നാലുതവണ കേരളത്തിലുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസില്‍ രണ്ടു തവണ. രണ്ടു തവണയും പക്ഷേ, തിരഞ്ഞെടുപ്പിന് പിന്നാലെയല്ല അങ്ങനെ സംഭവിച്ചത്. 2026ല്‍ മുഖ്യമന്ത്രിയാകുന്നത് എംഎല്‍എമാരില്‍ നിന്നോ പുറമേ നിന്നോ?