dharmadam-election-results-pinarayi-vijayan

ധർമ്മടം മണ്ഡലത്തിൽ ആദ്യ ആറുറൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായിരുന്നതിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി ഇടത് സഹയാത്രികന്‍ പ്രേംകുമാര്‍. ഏഴാം റൗണ്ടിൽ മാത്രമാണ് പിണറായി മുന്നിലെത്തിയത്. യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ് ആദ്യ റൗണ്ടുകളില്‍ പിണറായിയെ പിന്നിലാക്കി. അക്ഷരാര്‍ഥത്തില്‍ ഇത് കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചെന്നും പ്രേംകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

'പണ്ടാണെങ്കിൽ മീത്തലെ പീടിക, ധർമ്മടം വില്ലേജ് ഓഫീസിന്റടുത്തു നിന്ന് മേലൂർ റോഡിലേക്ക് കയറി, ബ്രണ്ണൻ കോളേജ് കഴിഞ്ഞ്, ആ മൂന്നും കൂടിയ അങ്ങാടി, ചിറക്കുനിയിലേതാണ് ഈ ചിത്രം. ഇപ്പൊ തലശ്ശേരി മാഹി ബൈപ്പാസിലൂടെ ഒന്നു കത്തിച്ചു വിട്ടാൽ ചിറക്കുനിയെത്തും. ഹൈവേയിൽ നിന്ന് അവിടെ എക്സിറ്റ് ഉണ്ടോ എന്നെനിക്കുറപ്പില്ല. മുപ്പതുകൊല്ലമായ് ഞാനീ ഓഫിസ് പുറത്തുനിന്ന് കാണുന്നുണ്ട്. പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടിട്ടില്ല. ഇന്നലെ, ധർമ്മടത്തെ ലീഡ് വാർത്തകൾ വരുമ്പോൾ കേരളമൊന്നാകെതന്നെ ഞെട്ടിയിരുന്നു.

ഇവിടെ പതിവായ് വരുന്ന പലരുമതിൽ ഞെട്ടുന്നേയുണ്ടായിരുന്നിരിക്കില്ല. പലരുമത് പ്രതീക്ഷിച്ചതുമായിരിക്കണം. ചിലരെങ്കിലും ബാലറ്റ് പേപ്പറിൽ ഏറെ നേരം നോക്കിനിന്ന ശേഷം, തങ്ങൾക്കേറ്റവും പ്രിയപ്പെട്ടൊരു ചിഹ്നത്തെയും അതിലേറെ പ്രിയപ്പെട്ടൊരു പേരിനെയും മറികടന്ന് മറ്റൊരാൾക്ക് നേരെ വിരലമർത്തിയിട്ടുണ്ടാവണം. മുപ്പതുകൊല്ലം മുൻപ് കറങ്ങിനടന്ന ചിറക്കുനിയിൽ, കൂത്തുപറമ്പ് വെടിവയ്പിന്റെയൊക്കെ കാലത്ത്,വർത്തമാനം പറഞ്ഞ പലപാർട്ടിക്കാരെയും ഇന്നലെ രാത്രി കുറേ നേരമോർത്തു. മൂന്നു കൊല്ലം മുൻപ് സിൽവർലൈൻ സമരകാലത്ത് പ്രസംഗിക്കാൻ പോയ ചിറക്കുനിയിൽ കേട്ട പല പാർട്ടിക്കാരെയും ഇന്നലെ രാത്രി കുറേ നേരമോർത്തു. പാർട്ടിപോലും പറയാതെ, തന്‍റെ പാർട്ടിക്കുവേണ്ടി ഒരു തീരുമാനമെടുക്കുകയായിരുന്നു അവരെന്നു കരുതാനാണ് എനിക്കിഷ്ടം.

കേരളത്തിന് തൽക്കാലം നല്ല നഷ്ടങ്ങൾ ഉണ്ടാവുമെന്നാലും, പത്തുകൊല്ലമായി തുടരുന്ന നല്ല കാര്യങ്ങൾക്ക് തടസ്സമുണ്ടാവുമെന്നായാലും എന്‍റെ പാർട്ടി ഇനിയിങ്ങനെ ഭരിക്കേണ്ടെന്ന് അവരൊരു തീരുമാനമെടുക്കുകയായിരുന്നു. ബാലറ്റ് വിജയങ്ങളിലൂടെയല്ലാതെ തന്നെ നാടിന്‍റെ പുരോഗതിക്കായി പ്രാണൻ കൊടുത്തു പ്രയത്നിക്കാൻ ഒത്തുചേർന്ന കുറെ മനുഷ്യർ. പിൽക്കാലത്ത് ബാലറ്റ് വിജയങ്ങളടക്കം അതിനുള്ള ഉപാധികളാക്കിയ ഒരു പ്രസ്ഥാനത്തിനൊപ്പം ചേർന്നു നിന്ന മനുഷ്യർ.അതേ ബാലറ്റിലൂടെ തന്നെ സ്വന്തം പാർട്ടിയോടും സ്വന്തം നാടിനോടും പറയുകയായിരുന്നു: എന്‍റെ പാർട്ടി ഇനിയിങ്ങനെ ഭരിക്കേണ്ടെന്ന്. എന്‍റെ പാർട്ടി വേറെയെങ്ങിനെയോ ഈ നാട്ടിലിടപെടണമെന്ന്. കോൺഗ്രസുകാർക്കും ചാനലുകാർക്കും ആഘോഷിക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷെ ഒന്നുണ്ട്. ഇനി നിങ്ങൾ കാണാൻ പോവുന്നത് വേറൊരു പാർട്ടിയെയാണ്. ഇന്നലെ, പാലക്കാട്ടെ പുതിയ പാർട്ടി ഓഫീസിലേക്ക് ഇരച്ചു കയറിയ രണ്ടുഡസൻ പൊലീസുകാരെ കൈകൾ വിടർത്തി തടഞ്ഞു നിന്ന എൻ.എൻ.കൃഷ്ണദാസിന്‍റെ വിഷ്വലിൽ ആ പഴയ പാർട്ടിയെ, ആ പുതിയ പാർട്ടിയെ കാണാനാവുന്നുണ്ട്. പാർട്ടിക്കാരനല്ലാത്ത എനിക്കും.' - അദ്ദേഹം കുറിച്ചു.