Image Credit:facebook/vtsooraj
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശേഷം എരമംഗലം ക്വാറി സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരോട് കയര്‍ക്കുന്ന വി.ടി.സൂരജ്, കെ.എസ്‍യുക്കാരുടെ മെക്കിട്ട് കയറിയാല്‍ പൊലീസുകാരായാലും കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്ന ജില്ലാ പ്രസിഡന്‍റ്... ഈ പോരാട്ട വീര്യമാണ് ബാലുശേരി പിടിക്കാനുളള ദൗത്യം കോണ്‍ഗ്രസ് സൂരജിനെ എല്‍പ്പിച്ചതിന്‍റെ പിന്നിലെ വികാരം. 45 വര്‍ഷമായി യുഡിഎഫിന് മുഖം കൊടുക്കാത്ത, ഒട്ടും ഈസിയല്ലാത്ത ബാലുശേരിയെ കയ്യിലെടുക്കുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പിലെ വിജയകണക്കുമാത്രമായിരുന്നു സൂരജിന്‍റെ കരുത്ത്.
1980ൽ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് എ.സി.ഷൺമുഖദാസ് എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയതിനു ശേഷം 45 വർഷമായി എൽഡിഎഫ് കോട്ടയായിരുന്നു ബാലുശേരി. കഴിഞ്ഞ തവണ നടൻ ധർമജൻ ബോൾഗാട്ടിയെ കെ.എം.സച്ചിന്‍ദേവ് തോല്‍പ്പിച്ചത് 20,372 വോട്ടുകള്‍ക്ക്. ഈ വമ്പന്‍ ഭൂരിപക്ഷം മറികടക്കുകയായിരുന്നു സൂരജിന്‍റെ വെല്ലുവിളി. പക്ഷെ, ജില്ലയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ തെരുവോരങ്ങളിൽ ഏറ്റവുമധികം ലാത്തിയടി കൊണ്ട് ചോര ചിന്തിയ സൂരജിന് മുന്നില്‍ ആ ചുവന്ന കോട്ടയും വീണു.
ഉന്നതികളിലെ അടിസ്ഥാന പ്രശ്നങ്ങൾ ഉയര്‍ത്തിയായിരുന്നു പ്രചാരണം. ഒപ്പം മണ്ഡലമാകെയുള്ള സൗഹൃദങ്ങളുടെ പിന്‍ബലവും. സമര രംഗത്തെ തീപ്പൊരിയായിരുന്നു സൂരജ്. പൊതുവിദ്യാലയങ്ങളിലെ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടത്തിയ സമരത്തിന്‍റെ ഭാഗമായി ജയിൽശിക്ഷ അനുഭവിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ സമരത്തിനു നേതൃത്വം നൽകി. 2023ൽ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ ഡിഡിഇ ഓഫിസ് ഉപരോധിച്ച സൂരജിനെ പൊലീസ് മർദിച്ച് അവശനാക്കിയത് വിവാദമായിരുന്നു.
തദ്ദേശത്തിലും എല്‍ഡിഎഫ് കോട്ടകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫിനായിരുന്നു. അഞ്ച് പഞ്ചായത്തുകളിലാണ് ഇക്കുറി ഭരണംപിടിച്ചത്. നാലിടത്തേക്ക് എൽഡിഎഫ് ഒതുങ്ങി. രാഷ്ട്രീയ പാരമ്പര്യമോ രാഷ്ട്രീയത്തില്‍ കാലങ്ങളുടെ പരിചയമോ പറയാനില്ലാത്ത കോഴിക്കോട്ടെ 'ബേബി സ്ഥാനാര്‍ഥി' മണ്ഡലത്തിലെ അനുകൂല രാഷ്ട്രീയ സാഹചര്യം കൃത്യമായി ഉപയോഗിച്ചു. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം സംവരണ മണ്ഡലമായ ബാലുശേരിയില്‍ 1970 തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസിന് എംഎല്‍എ വരുമ്പോള്‍ ഭൂരിപക്ഷം 16980 കടക്കുന്നത്.