satheesha-kalam

ഇടത് കോട്ടകളുടെ അടിത്തറയിളക്കി കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ തേരോട്ടം. 102 സീറ്റുകളില്‍ വിജയക്കൊടി പാറിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്‍റെ ഭരണ സാരഥ്യത്തിലേക്ക് യു.ഡി.എഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലായിടങ്ങളിലും സാമൂഹ്യ ജനവിഭാഗങ്ങളിലും സ്വാധീനമുറപ്പിച്ച് കാല്‍നൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കോണ്‍ഗ്രസും സഖ്യകക്ഷികളും കുതിച്ചപ്പോള്‍ 13 മന്ത്രിമാരുള്‍പ്പെടെ ഇടത് മുന്നണിയിലെ വമ്പന്മാരെല്ലാം മൂക്കുംകുത്തി വീണു.   

പ്രതീക്ഷകള്‍ക്കും, കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്തുള്ള കൊടുങ്കാറ്റ്. കോട്ടകൊത്തളങ്ങളെപ്പോലും കടപുഴക്കിയുള്ള ജനമുന്നേറ്റം. കേരളത്തിന്‍റെ ജനവിധിയെ രണ്ട് വാചകങ്ങളില്‍ ഇങ്ങനെ സംഗ്രഹിക്കാം. മലബാറെന്നോ, മധ്യമകേരളമെന്നോ തിരുവിതാംകൂറെന്നോ വിത്യാസമില്ലാതെ, ന്യൂനപക്ഷ മേഖലയെന്ന ഭൂരിപക്ഷ പ്രദേശങ്ങളെന്നും ഭേദമില്ലാതെ, കേരള ജനത ഒറ്റ മനസ്സോടെ നടത്തിയ വിധിയെഴുത്ത്. അതാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കണ്ടത്. വടക്കേ മലബാറിലെ പാര്‍ട്ടി കോട്ടകളില്‍ ഇടത് മുന്നണക്കുണ്ടായത് അമ്പരപ്പിക്കുന്ന പരാജയമാണ്. ഒരിക്കലും ഇളകാത്ത പയ്യന്നൂരും, തളിപ്പറമ്പും പാര്‍ട്ടി വിമതര്‍ കീഴടക്കി. 

തൃക്കരിപ്പൂരും, ഉദുമയും കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ കടപുഴകി. മലപ്പുറത്തും എറണാകുളത്തും കോട്ടയവും ഇടുക്കിയും വയനാടും കനലൊരു തരി പോലും ബാക്കിയായില്ല.  കോഴിക്കോട് ബേപ്പൂരും, പത്തനംതിട്ട കോന്നിയും ഒഴികെ  മുഴുവന്‍ സീറ്റുകളും തൂത്തുവാരി. അമ്പലപ്പുഴ ഉള്‍പ്പെടേ ആലപ്പുഴയിലെ വിപ്ലവ മണ്ണുകള്‍ ത്രിവര്‍ണ പതാക പുതച്ചു. കൊല്ലത്തും തലസ്ഥാനമായ തിരുവനന്തപുരത്തും യു.ഡി.എഫ് ജൈത്രയാത്ര തുടര്‍ന്നു. തൃശൂരും പാലക്കാടും മാത്രമാണ് യു.ഡി.എഫ് മുന്നേറ്റത്തിന് ചെറിയ കടിഞ്ഞാണ്‍‍ വീണത്. അങ്ങനെ, നൂറ് സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. 

ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയം. 2001ല്‍ അറുപത് സീറ്റുകളാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയതെങ്കില്‍ ഇത്തവണ 63 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ച് കയറിയത്. രണ്ടാമത്തെ വലിയ ഘടകക്ഷിയായ മുസ്ലിംലീഗ് നേടിയതും 22 സീറ്റെന്ന ചരിത്ര വിജയം. മത്സരിച്ച ഏഴ് സീറ്റുകളില്‍ ആറും ജയിച്ച് കേരള കോണ്‍ഗ്രസ് ജോസഫും, കൊല്ലത്തെ മൂന്ന് സീറ്റുകളിലും വിജയക്കൊടി പാറിച്ച് ആര്‍.എസ്.പിയും യു.ഡി.എഫ് തരംഗത്തിന് ആക്കം കൂട്ടി. അങ്ങനെ, പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീം യു.ഡി.എഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ്. അതിന്‍റെ ആഘോഷത്തിമിര്‍പ്പിലാണ് നാടെങ്ങുമുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍. 

Kerala Sees Massive UDF Sweep: LDF Strongholds Crumble:

UDF victory Kerala marks a historic comeback after ten years, unseating LDF from its strongholds and securing a significant mandate. This overwhelming win, crossing 102 seats, demonstrates a clear shift in public opinion across all regions and communities of Kerala