മുഖ്യമന്ത്രി വിയര്‍ത്തു ജയിച്ചപ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയിലെ 13 മന്ത്രിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. സര്‍ക്കാരിന്‍റെ മുഖങ്ങളായിരുന്നവര്‍ ജില്ലകള്‍തോറും തോല്‍ക്കുന്ന വമ്പന്‍ പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റുവാങ്ങിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ ഒറ്റസംഘം, ഉറച്ച കോട്ടപോലെ ഒരുമിച്ചുള്ള നില്‍പ്പ്, തികഞ്ഞ ആത്മവിശ്വാസം– ഇതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ മുഖമുദ്ര. ഈ ഉറപ്പുള്ള സംവിധാനത്തെയാണ് ഏപ്രില്‍ ഒന്‍പതാം തീയതി കേരളത്തിലെ വോട്ടര്‍മാര്‍ അപ്പാടെ തകര്‍ത്തത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 പേരുള്ള മന്ത്രിസഭയിലെ 13 മന്ത്രിമാരെയാണ് ജനം തിരസ്ക്കരിച്ചത്.
മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.ബി.ഗണേശ് കുമാര്‍, .ജെ.ചിഞ്ചു റാണി, വി.എന്‍.വാസവന്‍, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, പി.രാജീവ്, ആര്‍.ബിന്ദു, എം.ബിരാജേഷ്,എ.കെ.ശശീന്ദ്രന്‍, വി.അബ്ദുറഹാമാന്‍, ഒ.ആര്‍.കേളു, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് തിരഞ്ഞെടുപ്പില്‍പരാജയപ്പെട്ടത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളിലെ ഈ തോല്‍വി എന്താണ് അര്‍ഥമാക്കുന്നതെന്ന ചോദ്യം സിപിഎമ്മിനും എല്‍ഡിഎഫിനും മുന്നില്‍ ഭീമാകാരമായി ഉയര്‍ന്നു നില്‍ക്കുകയാണ്.
ജനങ്ങളുമായി നേരിട്ടു സംവദിക്കാനുള്ള മടി, അകലം പാലിക്കാനുള്ള പ്രത്യേക ശ്രദ്ധ, ബലംപിടുത്തവും കടും പിടുത്തവും പ്രകടമാകുന്ന പ്രവര്‍ത്തനശൈലി എന്നിവ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന പ്രധാന പരാതിയാണ്. വികസനം എന്ന് ഒാരോ മന്ത്രിയും വകുപ്പും ആവര്‍ത്തിച്ചപ്പോഴും സാധാരണ മനുഷ്യന്‍റെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതും സര്‍ക്കാര്‍വിരുദ്ധ വികാരത്തെ ശക്തമാക്കി. ദാര്‍ഷ്ട്യമുള്ള പെരുമാറ്റം , പ്രതിപക്ഷ ബഹുമാനം തീരെയില്ലാത്ത പ്രവര്‍ത്തന രീതി എന്നിവ ആവര്‍ത്തിച്ച് അധികാര സ്ഥനങ്ങള്‍ക്കെതിരെ ഉയര്‍ന്നു. ചുരുക്കത്തില്‍ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അകന്നപ്പോള്‍ , ജനങ്ങള്‍ സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയതിന്‍റെ നേര്‍ക്കാഴ്ചയായി തിരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രി ആദ്യഏഴു റൗണ്‍ഡില്‍ വിയര്‍ത്ത ശേഷം നേടിയ ജയത്തിന് പോലും ശോഭ നഷ്ടപ്പെടുകയും ചെയ്തു.