സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസായതല്ല രമേഷ് പിഷാരടി. രാഷ്ട്രീയം തുറന്നു പറഞ്ഞ് വര്‍ഷങ്ങളോളം അഭിനയ രംഗത്ത് തുടര്‍ന്ന ശേഷമാണ് രമേഷിനെ കോണ്‍ഗ്രസ് സ്ഥാനര്‍ഥിയാക്കുന്നത്. യുഡിഎഫിനോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലമാണെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ നാണക്കേട് മറയ്ക്കാനും ബിജെപിയുടെ ശക്തികേന്ദ്രത്തില്‍ അവരെ നേരിടുക എന്നതുമായിരുന്നു രമേഷ് പിഷാരടിയുടെ രാഷ്ട്രീയ ദൗത്യത്തിലെ ആദ്യ വെല്ലുവിളി. 

മലയാളിയെ ചിരിപ്പിച്ച രമേഷ് പിഷാരടി രാഷ്ട്രീയം പറഞ്ഞാല്‍ കൊള്ളുമോ? ബിജെപിക്കെതിരെ നിസാര സ്ഥാനാര്‍ഥി എന്നിങ്ങനെ രമേഷിനെ വില കുറച്ചു കണ്ടിരുന്നു തിരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍. കോമാളിയെന്ന് വിളിച്ച തോമസ് ഐസക്കിനുള്ള മറുപടിയുമായി പ്രചാരണത്തില്‍ രമേഷ് പിഷാരടി മാസ് എന്‍ട്രി നടത്തി. 'സംസ്‌കാരം സമരംചെയ്താൽ കിട്ടുന്നതല്ല' ഒറ്റ ഡയലോഗില്‍ രമേഷ് പിഷാരടിക്ക് കിട്ടിയ മൈലേജ് ചില്ലറയല്ല.

സിനിമാ നടനാണ്, അടുത്ത് കിട്ടില്ലെന്ന നരേറ്റീവ് പൊളിക്കുകയായിരുന്നു അടുത്ത പണി. ആളുകളിലേക്ക് നേരിട്ടിറങ്ങി, സംസാരിച്ച് പരിചയപ്പെട്ടും പിഷാരടി ജനങ്ങളെ  കയ്യിലെടുത്തു. അപരിചിതത്വമില്ലെന്നതും ജനങ്ങള്‍ക്കുള്ള സ്നേഹവും അവിടെയും പിഷാരടിയെ തുണച്ചു. പാലക്കാട്ട് കുടുംബവേരുകളുള്ള രമേഷ് പിഷാരടിക്കു കുറഞ്ഞ നാളുകളിൽ ലഭിച്ച ഈ സ്വീകാര്യതയിലാണ് യുഡിഎഫില്‍ മണ്ഡലം ഉറച്ചു നിന്നത്. രമേഷിന്‍റെ ഇമേജിനൊപ്പം ഷാഫിയുടെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ പൂര്‍ണ പിന്തുണയും കാര്യങ്ങളൊക്കെ എളുപ്പമാക്കി. 

പ്രചാരണത്തിനിടെ വടക്കന്തറ മനയ്ക്കൽത്തൊടിയിൽ രമേഷ് പിഷാരടിയെ ബിജെപി വനിതാ നഗരസഭാംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. അവരുടെ പ്രവൃത്തി ജനം വിലയിരുത്തട്ടെ എന്നായിരുന്നു പിഷാരടിയുടെ മറുപടി. സംവിധായകൻ രഞ്ജിത്തിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തെത്തുടർന്ന് രമേഷ് പിഷാരടി പറഞ്ഞ വാക്കുകള്‍ ബിജെപി വിവാദമാക്കി. സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി പൊലീസിനെയും സമീപിച്ചു.  

നടനായ പിഷാരടിയെ നിങ്ങൾ ജയിപ്പിക്കേണ്ട, രാഷ്ട്രീയക്കാരനായ പിഷാരടിയെ ജയിപ്പിച്ചാൽ മതിയെന്നാണ് നോമിനേഷൻ കൊടുത്ത ഉടനെ പറഞ്ഞത്. രാഷ്ട്രീയം തനിക്ക് വഴങ്ങുമെന്ന് പ്രചാരണത്തിലുടനീളം പിഷാരടി തെളിയിക്കുകയും ചെയ്തു. രാഷ്ട്രീയവിഷയങ്ങൾക്കു തൽക്ഷണം മറുപടി പറയേണ്ട‌ സാഹചര്യം വന്നു. മിതത്വവും സംയമനവും മുറുകെപ്പിടിച്ചു മാത്രമായിരുന്നു പ്രതികരണങ്ങൾ. അങ്ങനെ വിവാദങ്ങളുടെ വഴിക്കില്ലെന്ന് ഉറപ്പിച്ചാണ് പാലക്കാടന്‍ ജനത രമേഷിനെ സ്വീകരിച്ചത്. ജനവിധി തേടി ജന്മനാട്ടിലേക്കിറങ്ങിയ പിഷാരടിയെ ഇരുകയ്യും നീട്ടിയാണ് പാലക്കാട് സ്വീകരിച്ചത്. 13147 വോട്ടിന്‍റെ ഭൂരിപക്ഷമാണ് വാശിയേറിയ പോരാട്ടം നടന്നിട്ടും  പാലക്കാട് പിഷാരടിക്ക് സമ്മാനിച്ചത്.

2021 ലെ തിരഞ്ഞെടുപ്പ് കാലത്താണ് രമേഷ് പിഷാരടി കോൺ​ഗ്രസിൽ ചേർന്നത്. കേരളത്തിന്‍റെ സന്തുലിതാവസ്ഥയ്ക്കു നല്ലത് കോൺഗ്രസാണെന്നു മനസ്സിലാക്കി താൻ പാർട്ടിയിൽ ചേരുകയാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.'ഐശ്വര്യ കേരള യാത്ര' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് എത്തിയപ്പോഴായിരുന്നു വേദിയിൽ രമേഷ് പിഷാരടിയുടെ പ്രഖ്യാപനം. പിന്നീടിങ്ങോട് നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‍റെ പ്രചാരകനായും തിളങ്ങിയിരുന്നു പിഷാരടി.

ENGLISH SUMMARY:

Actor-turned-politician Ramesh Pisharody has successfully defended the UDF's stronghold in Palakkad, winning by a significant margin of 13,147 votes. Despite being labeled a "political novice" and facing harsh criticism from opponents who dismissed him as a mere entertainer, Pisharody proved his mettle through a sophisticated and dignified campaign. His famous retort that "culture isn't something achieved through protests" set a positive tone for his candidacy, resonating with urban and rural voters alike. By focusing on his Palakkad roots and distancing himself from his film persona, he convinced the electorate of his commitment to serious governance. The unwavering support of former MLA Shafi Parambil and the strategic handling of controversies raised by the BJP further solidified his position in this prestigious triangular contest. Pisharody’s entry into the Kerala Legislative Assembly marks a new chapter where wit meets political wisdom, promising a refreshing voice for the people of Palakkad.