Image Credit: Facebook
സാധാരണക്കാരന്‍ ഒരുത്തന്‍ നെഞ്ചുവിരിച്ച് നിന്നാല്‍ മറിയാത്ത ഒരു കോട്ടയുമില്ലെന്ന് നാട്ടിന്‍പുറത്തുകാര്‍ പറയും.കാട്ടാക്കടയില്‍ വെന്നിക്കൊടി പാറിക്കാന്‍ എം.ആര്‍. ബൈജുവിന് കരുത്തായതും അയല്‍പ്പക്കത്തെ പയ്യന്‍ എന്ന നാട്ടുകാര്‍ക്കിടയിലെ ഇമേജാണ്.
അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബന്‍ ഹിറ്റാക്കിയ സ്പ്ലെന്‍ഡര്‍ തന്‍റെ അടയാളമാക്കിയ രാഷ്ട്രീയക്കാരനാണ് ബൈജു. ഒരിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ പതിയിരുന്ന എം.ആര്‍. ബൈജുവിനെ പൊലീസ് പൊക്കിയത് വഴിയരികില്‍ കണ്ട ഈ ബൈക്ക് അടയാളം വച്ചായിരുന്നു. ബൈജുവിന്റെ ജനകീയതയുടെ അളവുകോല് കൂടിയാണ് ഈ ഇരുചക്ര വാഹനം. ഒരു പതിറ്റാണ്ട് മുന്‍പ് ജില്ലാപഞ്ചായത്തിലേക്ക് ജയിക്കും മുന്‍പേ തുടങ്ങിയ ദൈനംദിന ജനസമ്പര്‍ക്കം തിരഞ്ഞെടുപ്പിന്‍റെ ആദ്യ ലാപ്പ് മുതല്‍ ബൈജുവിന് മുതല്‍ക്കൂട്ടായി.
ഈ തിരഞ്ഞെടുപ്പില്‍ ഉറച്ച മണ്ഡലങ്ങളുടെ ആദ്യ അഞ്ചില്‍ കാട്ടാക്കടയെ ചേര്‍ത്തുവച്ചാണ് സിപിഎം അങ്കത്തട്ടിലിറങ്ങിയത്. ജനകീയനായ ഐ.ബി സതീഷിനെ പിടിച്ചുകെട്ടാന്‍ ആരെ ഇറക്കുമെന്ന് തലപുകച്ച കോണ്‍ഗ്രസിന് മുന്നില്‍ എം.ആര്‍.ബൈജുവിന്‍റെ പേര് തെളിഞ്ഞു നിന്നു.സ്ഥാനാര്‍ഥിയുടെ ജനകീയ ബന്ധം കൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ കടപുഴക്കിയ മണ്ഡലമായി 7136 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കാട്ടാക്കടയെ കുറച്ചിട്ടു, 51 കാരനായ എം.ആര്‍.ബൈജു. കാട്ടാക്കടയിലെ ചരിത്രവിജയം ബൈജുവിനെ ഉയര്‍ത്തുന്നത് ജില്ലയിലെ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയുടെ മുഖമായി കൂടിയാണ്.