കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി 102 സീറ്റുകള്‍ നേടിയതോടെ ഇടത് കോട്ടകളുടെ അടിത്തറയിളകിയിരിക്കുകയാണ്. വന്‍ വിജയത്തോടെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്‍റെ ഭരണ സാരഥ്യത്തിലേക്ക് തിരിച്ചെത്തുമ്പോള്‍, യുഡിഎഫിലെ ഘടകകക്ഷികളെല്ലാം മത്സരിച്ച ഇടങ്ങളില്‍ മിന്നും വിജയം കരസ്ഥമാക്കി.

എന്നാല്‍ 35 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ എല്‍ഡിഎഫില്‍ സിപിഎമ്മിനും, സിപിഐക്കും, ആര്‍ജെഡിക്കും മാത്രമാണ് ഇക്കുറി നിയമസഭയില്‍ പ്രാതിനിധ്യമുള്ളത്. സിപിഎം 26 ഇടത്തും, സിപിഐ 8 ഇടത്തും ആര്‍ജെഡി ഒരിടത്തും വിജയിച്ചപ്പോള്‍ ബാക്കിയുള്ള 8 ഘടക കക്ഷികളും സംപൂജ്യരായി.

കേരള കോൺഗ്രസ് (എം), ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദൾ, എന്‍സിപി, ഐഎന്‍എല്‍, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, ആർ.എസ്.പി ലെനിനിസ്റ്റ് എന്നിവര്‍ക്കാണ് നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായത്. കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ എല്ലാവരും പരാജയപ്പെടുകയായിരുന്നു. കേരള കോൺഗ്രസ് (എം) മത്സരിച്ച 12 ഇടങ്ങളിലും, എന്‍സിപി മത്സരിച്ച മൂന്നിടങ്ങളിലും തോറ്റമ്പി.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലായിടങ്ങളിലും സാമൂഹ്യ ജനവിഭാഗങ്ങളിലും സ്വാധീനമുറപ്പിച്ച് കാല്‍നൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കോണ്‍ഗ്രസും സഖ്യകക്ഷികളും കുതിച്ചപ്പോള്‍ 13 മന്ത്രിമാരുള്‍പ്പെടെ ഇടത് മുന്നണിയിലെ വമ്പന്മാരെല്ലാം മൂക്കുംകുത്തിയാണ് വീണത്. മലബാറെന്നോ, മധ്യമകേരളമെന്നോ തിരുവിതാംകൂറെന്നോ വിത്യാസമില്ലാതെ എല്ലായിടത്തും യുഡിഎഫ് വന്‍ മുന്നേറ്റമാണുണ്ടാക്കിയത്.

വടക്കേ മലബാറിലെ പാര്‍ട്ടി കോട്ടകളില്‍ ഇടത് മുന്നണിക്കുണ്ടായത് അമ്പരപ്പിക്കുന്ന പരാജയമാണ്. ഒരിക്കലും ഇളകാത്ത പയ്യന്നൂരും, തളിപ്പറമ്പും പാര്‍ട്ടി വിമതര്‍ കീഴടക്കിയത് എല്‍ഡിഎഫിനെ ഞെട്ടിച്ചു. തൃക്കരിപ്പൂരും, ഉദുമയും കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ കടപുഴകി. മലപ്പുറത്തും എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും വയനാട്ടിലും ഇടത് പ്രാതിനിധ്യമില്ല..

കോഴിക്കോട്ട് ജില്ലയില്‍ ബേപ്പൂരും, പത്തനംതിട്ടയില്‍ കോന്നിയിലും മാത്രമാണ് ഇടത് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. അമ്പലപ്പുഴ അടക്കം ആലപ്പുഴയിയിലെ ഇടത് കോട്ടകളും ത്രിവര്‍ണ പതാക പുതച്ചു.

കൊല്ലത്തും തലസ്ഥാനമായ തിരുവനന്തപുരത്തും യു.ഡി.എഫ് ജൈത്രയാത്ര തുടര്‍ന്നു. തൃശൂരും പാലക്കാടും മാത്രമാണ് യു.ഡി.എഫ് മുന്നേറ്റത്തിന് ചെറിയ കടിഞ്ഞാണ്‍‍ വീണത്. അങ്ങനെ, നൂറ് സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി.

ENGLISH SUMMARY:

UDF wins Kerala elections securing 102 seats, marking a significant victory after ten years. This win signifies a shift in the state's political landscape, with the Congress-led alliance returning to power.