കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ചാണ് തവനൂരില്‍ പരിഗണിച്ചിരുന്ന സന്ദീപ് വാരിയര്‍ തൃക്കരിപ്പൂരിലേക്ക് എത്തിയത്. മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്ത സന്ദീപ് എത്തുന്നതിനോട് നേതൃത്വം മുഖം തിരിച്ചു. എന്നാൽ മുന്‍വിധികളെ അപ്രസക്തമാക്കി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ സന്ദീപ് സീൻ മാറ്റി! അന്നുതൊട്ട് മണ്ഡലത്തിലുണ്ടാക്കിയ ഓളം വോട്ടെണ്ണലിന്‍റെ അവസാന റൗണ്ടിലും നിലനിര്‍ത്താന്‍ സന്ദീപ് വാരിയര്‍ക്ക് കഴിഞ്ഞു. വി.പി.പി.മുസ്തഫയ്​ക്കെതിരെ  4431 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സന്ദീപിന്‍റെ ജയം.

അച്ഛന്‍ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍  ജോലി ചെയ്തിട്ടുണ്ടെന്നതിനപ്പുറം തൃക്കരിപ്പൂരില്‍ വണ്ടിയിറങ്ങുമ്പോള്‍ ഇറങ്ങുമ്പോൾ സന്ദീപിന് യാതൊരു ബന്ധവും മണ്ഡലവുമായിട്ടില്ല. എന്നാൽ നാട്ടുകാരനായി സന്ദീപിനെ അവതരിപ്പിക്കുന്നതിൽ യുഡിഎഫ് വിജയിച്ചു. ബിജെപി വിട്ട് കോൺ​ഗ്രസിലെത്തിയത് മുതൽ സന്ദീപിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരായിരുന്നു ലീ​ഗുകാർ. ലീ​ഗ് വേദികളിൽ സന്ദീപിന് നിരന്തരം അവസരങ്ങളും ലഭിച്ചു. ഇതേ പരി​ഗണന മണ്ഡലത്തിലും കിട്ടി. സ്വന്തം സ്ഥാനാര്‍ഥിയെപ്പോലെ കണ്ടായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ സന്ദീപിനെ ഉള്‍ക്കൊണ്ടത്. വോട്ടെടുപ്പിന് ശേഷം സന്ദീപ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ കോൺ​ഗ്രസിനേക്കാൾ നന്ദി മുസ്​ലിം ലീഗിന്റെയും മറ്റ് പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾക്കാണെന്നതും ശ്രദ്ധേയമായി. 

അടുത്ത വർഷം 50 വയസ് തികയുന്ന മണ്ഡലമാണ് തൃക്കരിപ്പൂർ. ഇന്നുവരെ യുഡിഎഫിനെ ജയിപ്പിക്കാത്ത അപൂ‌ർവം മണ്ഡലങ്ങളിലൊന്ന്. ഇടതുകോട്ടയെന്ന വാദത്തെ ഫേക്ക് നരേറ്റീവ് എന്നു പറഞ്ഞ് തള്ളികളഞ്ഞായിരുന്നു മണ്ഡലത്തിലേക്ക് സന്ദീപിന്റെ കടന്നുകയറ്റം. ഈ ആവേശം പലതവണ മണ്ഡലത്തിൽ സംഘർഷമുണ്ടാക്കി. യുഡിഎഫ് പ്രചാരണ സംഘം ആക്രമിക്കപ്പെട്ടു. ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ സന്ദീപിനെ കയ്യേറ്റം ചെയ്ത സിഐടിയു പ്രവർത്തകൻ സന്ദീപിന്റെ വീട്ടിലെത്തി കണ്ടതടക്കം മണ്ഡലത്തിലെ പോരിന്റെ ചൂട് പുറത്തുമെത്തിച്ചു.

നായനാരെ മുഖ്യമന്ത്രിയാക്കിയ മണ്ണിൽ ഇടതു കോട്ട പൊളിച്ചത് പഴയ എസ്എഫ്ഐക്കാരനാണെന്നതാണ് മറ്റൊരു കൗതുകം. ഒറ്റപ്പാലത്തെ ചെത്തല്ലൂരുകാരനായ സന്ദീപ് വാര്യർ സ്കൂൾ രാഷ്ട്രീയത്തില്‍ എസ്എഫ്ഐയായിരുന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിൽ ഭാ​ഗമായിരുന്ന കാലത്ത് ഇടതുപക്ഷ ലൈൻ, അന്ന് എസ്എഫ്ഐ സ്ഥാനാർഥിയായിരുന്നു. ഇടതിനൊപ്പമായിരുന്നതിനാൽ 1991 ലെ ​ഗൾഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്റെ ആരാധകനായിരുന്നു സന്ദീപ്. 

വാജ്‍പേയ്‍യുടെ പ്രസം​ഗം കേട്ടാണ് ബിജെപി രാഷ്ട്രീയത്തിലെത്തുന്നത്. യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി ഒറ്റപ്പാലം നിയോജകമണ്ഡലം സെക്രട്ടറി, വക്താവ് എന്നി ചുമതലകളിലെത്തി. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് പാലക്കാട് തിരഞ്ഞെടുപ്പ് കാലത്താണ് സന്ദീപ് ബിജെപി വിട്ടതും പിന്നീട് കോൺ​ഗ്രസിലെത്തിയതും.

ENGLISH SUMMARY:

Sandeep Varier, who recently transitioned from the BJP to the Congress, scripted a historic victory in Thrikaripur by defeating LDF’s V.P.P. Mustafa by a margin of 4,431 votes. Despite having no prior connection to the constituency, Varier successfully dismantled a fortress that the UDF had failed to win for nearly half a century. A significant factor in his success was the overwhelming support from the Muslim League, which embraced him as one of their own throughout the campaign. Interestingly, the man who broke the "Left citadel" is a former SFI activist, marking a full circle in his diverse political journey.